ചെസ് ബോർഡിന് മുന്നിൽ മുഖാമുഖം നോക്കിയിരിക്കുന്ന സുരേഷ് ഗോപിയും ദുൽഖർ സൽമാനും. അപൂർവ്വമായ കൂട്ടുകെട്ടിന്‍റെ ഈ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്നുള്ള ലൊക്കേഷൻ സ്റ്റില്ലാണ് ഈ ഫോട്ടോ.
ദുല്‍ഖറിന് ചെക്ക് പറഞ്ഞ് സുരേഷ് ഗോപി - സുരേഷ് ഗോപി
ഇതാദ്യമായാണ് സുരേഷ് ഗോപിയും ദുൽഖറും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്
സുരേഷ് ഗോപിയും ദുല്‍ഖറും ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. കളിയിൽ സുരേഷ് ഗോപിയാണ് മുന്നിലെങ്കിലും താരത്തെ കൗതുകത്തോടെ നോക്കുന്ന ദുൽഖറും ആരാധകരുടെ സ്നേഹം പിടിച്ചുപറ്റുന്നു. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ചെന്നൈയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ ലൊക്കേഷൻ സ്റ്റിൽസ് ശോഭനയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
തൊണ്ണൂറുകളിലെ വിജയ ജോഡികളായിരുന്ന ശോഭനയും സുരേഷ് ഗോപിയും 14 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. 2005ല്‍ പുറത്തിറങ്ങിയ ജയരാജ് ചിത്രം 'മകൾക്ക്' ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ശോഭനയ്ക്കും സുരേഷ് ഗോപിയ്ക്കുമൊപ്പം യുവതലമുറയിലെ ശ്രദ്ധേയ താരങ്ങളായ ദുൽഖറും കല്യാണി പ്രിയദർശനും കൂടി ഒന്നിക്കുമ്പോൾ പ്രേക്ഷകരെ സംബന്ധിച്ചും പ്രതീക്ഷകൾ ഏറെയാണ്.