വെള്ളിത്തിരയിലെ ഏഴ് വർഷങ്ങൾ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഡിക്യു - ദുല്‍ഖർ സല്‍മാൻ
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത 'സെക്കന്‍റ് ഷോ' എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖർ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളവും തമിഴും കടന്ന് തെലുങ്കിലും ബോളിവുഡിലും ദുല്‍ഖർ തന്‍റെ സാന്നിദ്ധ്യം അറിയിച്ചു.
അഭിനയ ജീവിതത്തില്‍ നീണ്ട ഏഴ് വര്‍ഷങ്ങള്‍ തികയ്ക്കുകയാണ് മലയാളത്തിന്‍റെ സ്വന്തം ദുല്‍ഖർ സല്‍മാൻ. കണ്ണടച്ച് തുറക്കുന്നതിന് മുമ്പായിരുന്നു ദുല്‍ഖറിന്‍റെ വളര്‍ച്ച. അഭിനയത്തിന്‍റെ ഏഴാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും പ്രേക്ഷകരോട് നന്ദി പറയുകയാണ് കുഞ്ഞിക്ക.
‘എന്‍റെ ആദ്യ ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് ഏഴ് വര്‍ഷം തികയുന്നു. ഒരു വിരോധാഭാസമെന്ന പോലെ അതിന്‍റെ പേര് സെക്കന്‍ഡ് ഷോ എന്നായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് അനുഭവിച്ച അത്രയും ഭയം ജീവിതത്തില്‍ ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല. ഒരു ചുവട് പോലും തെറ്റായി വയ്ക്കരുതെന്ന തോന്നലായിരുന്നു. അതിലുപരി എന്‍റെ മാതാപിതാക്കള്‍ക്ക് ഒരിക്കലും നാണക്കേടാവരുതെന്നും.’
‘എന്നാല്‍ ആ സിനിമയോട് ‘യെസ്’ പറഞ്ഞ സമയം തൊട്ട് എല്ലാം വളരെ സാധാരണമായി മുന്നോട്ട് പോയി. ഏകദേശം ആ സമയത്താണ് അമാലിനെ ഞാൻ കണ്ടുമുട്ടിയത്. സെക്കന്‍ഡ് ഷോയുടെ ചിത്രീകരണത്തിനിടെ എന്നെ തേടി ഉസ്താദ് ഹോട്ടല്‍ എത്തി. ആ വര്‍ഷം എന്‍റെ ജീവിതം മുഴുവനായി മാറിമറഞ്ഞു. ദൈവത്തിന്‍റെ ആഗ്രഹം അതായിരുന്നിരിക്കാം,’ ഇക്കാലമത്രയും കൂടെ നിന്നു പിന്തുണച്ചവര്‍ക്കും ദുല്‍ഖര്‍ നന്ദി പറഞ്ഞു.