സോയ ഫാക്ടര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധേയനായി മാറിയിരിക്കുകയാണ് മലയാളത്തിന്‍റെ സ്വന്തം കുഞ്ഞിക്ക ദുല്‍ഖർ സല്‍മാൻ. സോനം കപൂറിനൊപ്പം ദുല്‍ഖര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ സിനിമയില്‍ വരുന്നതിന് മുന്‍പ് തനിക്ക് സ്റ്റേജില്‍ കയറാന്‍ പോലും ഭയമായിരുന്നുവെന്ന് പറയുകയാണ് ദുല്‍ഖര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
നാണം കുണുങ്ങിയായ, സ്‌റ്റേജില്‍ കയറിയാല്‍ വിറയ്ക്കുന്ന കുട്ടിയായിരുന്നു ഞാന്‍: ദുല്‍ഖർ സല്‍മാൻ - ദുല്‍ഖർ സല്‍മാൻ
വ്യത്യസ്ത ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണ് ദുല്‍ഖര്‍ എന്ന നടന്‍റെ ഏറ്റവും വലിയ ഗുണം. അതു തന്നെയാണ് അദ്ദേഹത്തിന് അന്യഭാഷകളില്‍ വലിയ ആരാധക വൃന്ദത്തെ സൃഷ്ടിക്കാന്‍ സാധിച്ചതും.
'സിനിമയില്‍ വന്ന സമയത്ത് എനിക്ക് വല്ലാത്ത അരക്ഷിതത്വ ബോധമുണ്ടായിരുന്നു. എന്‍റെ ബാല്യകാലത്തും കൗമാരകാലത്തും ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു. സ്റ്റേജിലൊക്കെ കയറാന്‍ വല്ലാത്ത പേടിയായിരുന്നു. അഥവാ കയറിയാല്‍ തന്നെ ശബ്ദം പുറത്തേക്ക് വരില്ല. മുംബൈയില്‍ അഭിനയ പഠനത്തിന്‍റെ ഭാഗമായി വന്നപ്പോഴാണ് അപരിചിതര്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ ധൈര്യമായത്. അതൊരു വലിയ അനുഭവമായിരുന്നു. മലയാള സിനിമയില്‍ പുതിയ ഒരു ട്രെന്‍ഡ് ഉണ്ടായികൊണ്ടിരിന്ന സമയത്താണ് എന്‍റെ അരങ്ങേറ്റം. വളരെ റിയലിസ്റ്റിക് ആയി സിനിമ എടുക്കുന്ന ധാരാളം യുവ സംവിധായകര്‍ അവിടെയുണ്ട്. അതുകൊണ്ട് തന്നെ നമ്മള്‍ ചെയ്ത പല സിനിമകളും മറ്റു ഭാഷയിലെ സിനിമാസ്വാദകരും ഏറ്റെടുത്തു', ദുല്‍ഖർ പറഞ്ഞു.
നല്ല സിനിമകള്‍ തേടിയെത്തിയാല്‍ ഭാഷയൊന്നും വിഷയമല്ലെന്നും താരം വ്യക്തമാക്കി. എന്നാല്‍ തമിഴില്‍ പ്രണയ സിനിമ ചെയ്യുന്നപോലെ നിസ്സഹമായി തനിക്ക് മലയാളത്തില്‍ ചെയ്യാന്‍ പറ്റണമെന്നില്ലെന്നും അതുപോലെ മലയാളത്തില്‍ ചെയ്ത പല കഥാപാത്രങ്ങളും തനിക്ക് തമിഴില്‍ ചെയ്യാന്‍ പറ്റണമെന്നില്ലെന്നും ദുല്‍ഖർ കൂട്ടിചേർത്തു.