ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം 'കുറുപ്പി' ലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്. ദുല്‍ഖര്‍ തന്നെ ആലപിച്ച 'ഡിങ്കിരി ഡിങ്കാലെ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ടെറി ബത്തേരിയുടെ വരികള്‍ക്ക് കക്കോടന്‍ സുലൈമാന്‍ ആണ് സംഗീതം.
3.11 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ ദുല്‍ഖറിനൊപ്പം സണ്ണി വെയ്‌നും പ്രത്യക്ഷപ്പെടുന്നുണ്ട്. സണ്ണി വെയ്‌നും ഗാനം തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 'ആഘോഷങ്ങളും ആരവങ്ങളും ഒത്തുകൂടിയ അറുപതുകളിലെ മദ്രാസ് ക്രിസ്‌ത്യന്‍ കോളേജ്. അന്നത്തെ സൗഹൃദ അകമ്പടിയായി സംഗീതവും ഉണ്ടായിരുന്നും'-സണ്ണി വെയ്‌ന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയിലറും ചിത്രത്തിലെ 'പകലിരവുകള്‍' എന്ന ഗാനവും ശ്രദ്ധേയമായിരുന്നു. ആദ്യ ഗാനവും ട്രെയ്‌ലറും സ്വീകരിച്ച പ്രേക്ഷകര്‍ ഈ ഗാനവും ഏറ്റെടുത്തിരിക്കുകയാണ്. പുറത്തിറങ്ങി ഒരു ദിവസം തികയും മുമ്പ് ഗാനം കണ്ടിരിക്കുന്നത് 9 ലക്ഷം പേരാണ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി നവംബര്‍ 12നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 400ലേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. വന്‍ ഒടിടി ഓഫറുകള്‍ വേണ്ടെന്ന് വെച്ചാണ് കുറുപ്പ് തിയേറ്റര്‍ റിലീസിനായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിങും ആരംഭിച്ചിരുന്നു. തമ്പാനൂര്‍ ന്യൂ തിയേറ്ററില്‍ ബുക്കിംഗ് ഹൗസ്‌ഫുള്‍ ആയതോടെ കൂടുതല്‍ ഷോകള്‍ ആഡ് ചെയ്‌തു. കോവിഡിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ഇങ്ങനെ ഒരു പ്രീ ബുക്കിങ് നടക്കുന്നത് നേട്ടമാണെന്ന് ന്യൂ തിയേറ്റര്‍ ഉടമയും നിര്‍മ്മാതാവുമായ വിശാഖ് സുബ്രഹ്‌മണ്യം പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റം ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് കുറുപ്പിന്‍റെയും സംവിധായകന്‍. നിവിന്‍ പോളി ചിത്രം മൂത്തോനിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ദുല്‍ഖര്‍, ശോഭിത എന്നിവരെ കൂടാതെ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈം ടോം ചാക്കോ, സണ്ണി വെയ്‌ന്‍, പി.ബാലചന്ദ്രന്‍, വിജയരാഘവന്‍, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
ദുല്‍ഖറിന്റെ തന്നെ കരിയറിലെ ഏറ്റവും വലിയ ബഡ്‌ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫാറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും, സുഷിന്‍ ശ്യാം സംഗീത സംവിധാനവും, വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
Also Read: വിജയ് സേതുപതിയെ ചവിട്ടിയാല്‍ 1001 രൂപ പാരിതോഷികം; വിവാദ പ്രസ്‌താവനയുമായി ഹിന്ദു മക്കള്‍ കക്ഷി