പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. പ്രദര്‍ശനത്തിന്‍റെ മൂന്നാം ദിനവും 'കുറുപ്പ്' കാണാന്‍ വന്‍ ജനാവലിയാണ് തിയേറ്ററിന് മുന്നില്‍. കേരളത്തില്‍ നിന്നു മാത്രം 6.3 കോടി ആയിരുന്നു 'കുറുപ്പ്' ആദ്യ ദിന ഗ്രോസ് കളക്ഷന്‍.
ഇപ്പോഴിതാ 'കുറുപ്പി'ലെ 'നീല കടലിന്‍ അടിയില്‍' എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ഗാനം പുറത്തുവിടുകയായിരുന്നു. 'കുറുപ്പി'ലെ ആദ്യ ഗാനമായ പകലിരവുകള്‍ക്ക് ലഭിച്ച സ്വീകാര്യത കിട്ടിയില്ലെങ്കില്‍ കൂടിയും ഈ ഗാനവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
അലന്‍ ടോമിന്‍റെ വരികള്‍ക്ക് ലിയോ ടോമിന്‍റെ സംഗീതത്തില്‍ ആനന്ദ് ശ്രീരാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. 1.49 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ ദുല്‍ഖര്‍ തന്നെയാണ് ഹൈലൈറ്റ്.
ഏറെ അസാധാരണമായ 'കുറുപ്പി'ന്‍റെ ജീവിതത്തിലേക്ക് ആഴത്തിൽ സഞ്ചരിക്കുന്നതാണ് സിനിമയുടെ പ്രത്യേകത. അതേസമയം കുറ്റവാളിക്ക് വീരപരിവേഷം നൽകുന്നതല്ല ഈ സിനിമയെന്ന് കുറുപ്പായി അഭിനയിച്ച ദുൽഖർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീര്‍ന്നിരിക്കുകയാണ് 'കുറുപ്പ്'. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ വൻ ഓഫറുകള്‍ ലഭിച്ചെങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയേറ്ററുകളിൽ തന്നെ എത്തിക്കുകയായിരുന്നു. ഈ തീരുമാനം വിഫലമായില്ലെന്ന് മാത്രമല്ല മറ്റ് പല ഒടിടി റിലീസുകളും തിയേറ്റര്‍ റിലീസിലേക്ക് മാറ്റുകയും ചെയ്‌തു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കേരളത്തിൽ മാത്രം 450ലേറെ തിയേറ്ററുകളിലും വേൾഡ് വൈഡ് റിലീസായി 1500 തിയേറ്ററുകളിലുമായാണ് ചിത്രം റിലീസായത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടു നിന്ന ചിത്രീകരണമാണ് 'കുറുപ്പി'ന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചിരുന്നു.
ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫാറെർ ഫിലിംസും എം സ്റ്റാർ എന്‍റ്ർടൈൻമെന്‍റ്‌സും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദുൽഖർ സൽമാന്‍റെ ആദ്യചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകനാണ് 'കുറുപ്പി' ന്‍റെയും സംവിധായകന്‍. ജിതിൻ കെ ജോസ് ആണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെഎസ് അരവിന്ദും ചേർന്നാണ്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Also Read:'ലാലേട്ടന് 'രാജാവിന്‍റെ മകന്‍' എങ്കില്‍ ദുല്‍ഖറിന് 'കുറുപ്പ്'... 'കുറുപ്പി'ന്‍റെ കണക്ക് പുസ്‌തകം ചരിത്രമാകും': ശ്രീകുമാര്‍ മേനോന്‍