കേരളം

kerala

ETV Bharat / sitara

'ദുല്‍ഖര്‍ ഇപ്പോള്‍ എന്‍റെ ജീവിതത്തിലെ മറ്റൊരു ഹീറോയാണ്'; 'കുറുപ്പ്' വിശേഷങ്ങളുമായി ശ്രീനാഥ് രാജേന്ദ്രന്‍ - movie release

'കുറുപ്പ്' സാധ്യമാക്കാന്‍ കഴിവിന്‍റെ പരമാവധി ശ്രമിച്ച് തനിക്കൊപ്പം നിന്ന ദുല്‍ഖര്‍ തന്‍റെ ജീവിതത്തിലെ മറ്റൊരു ഹീറോയാണെന്നും ശ്രീനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

ent  Dulquer Salmaan Kurup release Srinath Rajendran  Srinath Rajendran about Dulquer Salmaan  ദുല്‍ഖര്‍ ഇപ്പോള്‍ എന്‍റെ ജീവിതത്തിലെ മറ്റൊരു ഹീറോയാണ്  'കുറുപ്പ്' വിശേഷങ്ങളുമായി ശ്രീനാഥ് രാജേന്ദ്രന്‍  Dulquer Salmaan Kurup release  Kurup release  Dulquer Salmaan Kurup  Srinath Rajendran  Srinath Rajendran Kurup  Sukumara Kurup  Kurup  കുറുപ്പ്  കുറുപ്പ് റിലീസ്  കുറുപ്പ് തിയേറ്ററുകളില്‍  ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പ്  movie  movie release  theatre release
'ദുല്‍ഖര്‍ ഇപ്പോള്‍ എന്‍റെ ജീവിതത്തിലെ മറ്റൊരു ഹീറോയാണ്'; 'കുറുപ്പ്' വിശേഷങ്ങളുമായി ശ്രീനാഥ് രാജേന്ദ്രന്‍

By

Published : Nov 11, 2021, 5:14 PM IST

പ്രേക്ഷകര്‍ നാളേറെയായി കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദുല്‍ഖര്‍ ആരാധകര്‍ മാത്രമല്ല മലയാള സിനിമാ ലോകവും 'കുറുപ്പി' നെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറയുന്ന 'കുറുപ്പ്' പ്രേക്ഷകരുടെ പ്രതീക്ഷകളെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പ് നല്‍കുന്നതാണ് 'കുറുപ്പി' ലെ പുറത്തിറങ്ങിയ ട്രെയ്‌ലറും ഗാനങ്ങളും സൂചിപ്പിക്കുന്നത്. അത്രമേല്‍ കഠിനാധ്വാനമാണ് 'കുറുപ്പി' നായി അണിയറപ്രവര്‍ത്തകരും മറ്റും നടത്തിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നാളെ 'കുറുപ്പ്' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുമ്പോള്‍ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി ആരാധകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഫേസ്‌ബുക്കിലൂടെയാണ് 'കുറുപ്പ്' വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ജനിച്ചത് മുതല്‍ 'കുറുപ്പി'നെ കുറിച്ചുള്ള നിഗൂഢത തനിക്ക് ചുറ്റും ഉണ്ടായിരുന്നു എന്നാണ് ശ്രീനാഥ് പറയുന്നത്.

'കുറുപ്പ്' ഒരു വിദൂര സ്വപ്‌നമാണെന്നാണ് ആദ്യം കരുതിയിരുന്നതെന്നും അത് യാഥാര്‍ഥ്യമായി മാറിയത് ദുല്‍ഖറിനോട് ഇതേകുറിച്ച് പറഞ്ഞ ശേഷമായിരുന്നുവെന്നും ശ്രീനാഥ് കുറിച്ചു. 'കുറുപ്പ്' സാധ്യമാക്കാന്‍ കഴിവിന്‍റെ പരമാവധി ശ്രമിച്ച് തനിക്കൊപ്പം നിന്ന ദുല്‍ഖര്‍ തന്‍റെ ജീവിതത്തിലെ മറ്റൊരു ഹീറോയാണെന്നും ശ്രീനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

'ഞാന്‍ ജനിച്ചത് മുതല്‍ കുറുപ്പിനെ കുറിച്ചുള്ള നിഗൂഢത എനിക്ക് ചുറ്റും ഉണ്ടായിരുന്നു. ചാക്കോയുടെ ഭാര്യ മകനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ കാണിച്ചിരുന്ന അതേ ആശുപത്രിയിലായിരുന്നു എന്‍റെ അമ്മയും എന്നെ ഉദരത്തില്‍ പേറി പോയിരുന്നത്. കുറുപ്പിന്‍റെ കഥ സിനിമയാക്കണമെന്ന ചിന്ത എന്‍റെ ആദ്യ സിനിമ പൂര്‍ത്തിയാക്കുമ്പോഴെ മനസ്സില്‍ ഉടലെടുത്തിരുന്നു. അതിന് ശേഷം ഒൻപത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് 'കുറുപ്പി'നെ നിങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ എനിക്ക് കഴിഞ്ഞത്.

ഈ പ്രക്രിയയില്‍ ജീവിതത്തിലെ ഒരുപാട് ഹീറോസ് 'കുറുപ്പ്' പൂര്‍ത്തിയാക്കാന്‍ എന്നോടൊപ്പം നിന്നു. കുറുപ്പ് ചെയ്യണം എന്ന് ആദ്യം എന്നെ പ്രേരിപ്പിച്ചത് എന്‍റെ അച്ഛനാണ്. അവിടെയാണ് ഈ യാത്രയുടെ തുടക്കം. എന്‍റെ സ്വപ്‌നത്തിന് ചിറകു പിടിപ്പിച്ചത് കഥയും തിരക്കഥയുമെഴുതിയ ജിതില്‍ ഡാനിയല്‍, അരവിന്ദന്‍ എന്നിവരാണ്.

തുടക്കത്തില്‍ ഇതൊരു വിദൂര സ്വപ്‌നമാണെന്ന് ഞങ്ങള്‍ എല്ലാവരും കരുതിയിരുന്നു, എന്നാല്‍ യഥാര്‍ഥ യാത്ര തുടങ്ങിയത് ദുല്‍ഖര്‍ സല്‍മാനോട് ഈ ഐഡിയ പറഞ്ഞതോടെയാണ്. പിന്നീട് ദുല്‍ഖര്‍ കുറുപ്പിന്‍റെ അവിഭാജ്യ ഘടകമായി മാറി. ഈ പ്രോജക്‌ട് സാധ്യമാക്കാന്‍ കഴിവിന്‍റെ പരമാവധി ശ്രമിച്ച് ഒപ്പം നിന്ന ദുല്‍ഖര്‍ ഇപ്പോള്‍ എന്‍റെ ജീവിതത്തിലെ മറ്റൊരു ഹീറോയാണ്.

എംസ്‌റ്റാറിലെ അനീഷും ഞങ്ങളുടെ ടീമില്‍ വിശ്വസിച്ച് ഈ സിനിമയ്‌ക്ക് ആവശ്യമായ തുക മുടക്കി പ്രോജക്‌ട് തുടങ്ങാന്‍ സഹായിച്ചു. ഞങ്ങളുടെ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ പയ്യന്‍മാരില്‍ ഒരാളായ നിമിഷ് രവി ഛായാഗ്രാഹകനായി തികഞ്ഞ അഭിനിവേശത്തോടെ ഞങ്ങളോടൊപ്പം ചേര്‍ന്നതോടെ അവനും ഈ പ്രോജക്‌ടിന്‍റെ നായകനായി.

'കുറുപ്പി' ന്‍റെ വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത പ്രവീണ്‍ വര്‍മ ഞങ്ങളെയെല്ലാം അദ്‌ഭുതപ്പെടുത്തി. 'കുറുപ്പി'ന്‍റെ സൃഷ്‌ടിയിലെ അദ്ദേഹത്തിന്‍റെ ബുദ്ധിപരമായ പങ്ക് എടുത്ത് പറയത്തക്കതാണ്. റോനെക്‌സ്‌ സേവ്യറാണ് 'കുറുപ്പി' നെ പൂര്‍ണതയിലെത്തിക്കുന്ന ലുക്ക് നല്‍കിയത്.

ബംഗ്ലാന്‍ (കലാസംവിധായകന്‍) ഇല്ലെങ്കില്‍ ഈ പ്രോജക്‌ട് ഞാന്‍ സങ്കല്‍പ്പിച്ചതിന് അടുത്തെങ്ങും എത്തുമായിരുന്നില്ല. എന്‍റെ വാക്കുകള്‍ കുറിച്ചിട്ടോളൂ ഇന്ത്യന്‍ സിനിമയില്‍ നമുക്ക് അഭിമാനിക്കാന്‍ കഴിയുന്ന അപൂര്‍വ പ്രതിഭയായി അദ്ദേഹം വളര്‍ന്നുവരും. കുറുപ്പിന് വേണ്ടി നിരവധി ഇടവേളകളോടെ ഒരു വര്‍ഷമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പ്രവീണ്‍ ചന്ദ്രന്‍റെ കീഴിലുള്ള എന്‍റെ അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍മാരുടെ ടീം ഞാന്‍ എപ്പോഴും കംഫര്‍ട്ടബിള്‍ ആണെന്ന് ഉറപ്പുവരുത്തുകയും ഈ വലിയ ദൗത്യം പൂര്‍ത്തിയാക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്‌ത് ഒപ്പം നില്‍ക്കുകയും ചെയ്തു.

ഇപ്പോഴും അന്വേഷണത്തിലിരിക്കുന്ന യഥാര്‍ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്‌തത് കൊണ്ട് ഞങ്ങള്‍ക്ക് നിരവധി നിയമ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഞങ്ങളില്‍ നിന്നുള്ള ഈ എളിയ പരിശ്രമം നിങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടി ചില കഥാപാത്രങ്ങളുടെയും ചില കാര്യങ്ങളുടെയും പേരുകള്‍ മാറ്റേണ്ടി വന്നിട്ടുണ്ട്. പ്രഖ്യാപിച്ച ദിവസം മുതല്‍ പ്രേക്ഷകരായ നിങ്ങളുടെ നിരന്തര പിന്തുണയാണ് കുറുപ്പിന്‍റെ ജീവിതം രൂപപ്പെടുത്തിയെടുക്കാന്‍ ഞങ്ങള്‍ക്ക് സഹായകമായത്. ഈ ചിത്രത്തിന് നിങ്ങള്‍ നല്‍കുന്ന ജീവ ശ്വാസത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

പത്ത് വര്‍ഷമെടുത്ത് രൂപപ്പെടുത്തിയ ഒരു സിനിമ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുകയാണ്. ഈ സിനിമയുടെ വിധി ഇനി നിങ്ങളുടെ കൈകളിലാണ്. ഈ പ്രതികൂല സമയത്തും നിങ്ങളെല്ലാവരും തിയേറ്ററുകളില്‍ എത്തുമെന്നും ഞങ്ങളുടെ ഈ എളിയ ശ്രമം ആഘോഷിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

സിനിമയ്‌ക്ക് നിങ്ങളെ ആവശ്യമുണ്ട്, നമ്മള്‍ ഇതുവരെ സിനിമകള്‍ ആഘോഷിച്ചിരുന്നത് പോലെ ഇനിയും ആഘോഷിക്കാം. കൂടുതല്‍ നല്ല നല്ല സിനിമകളിലേയ്‌ക്ക്.' -ശ്രീനാഥ് രാജേന്ദ്രന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

Also Read: Kurup Film: പിടികിട്ടാപ്പുള്ളി 'കുറുപ്പ്' ബുര്‍ജ് ഖലീഫയില്‍; സാക്ഷ്യം വഹിച്ച് ദുല്‍ഖറും കുടുംബവും

For All Latest Updates

ABOUT THE AUTHOR

...view details