മിമിക്രി താരവും നടനുമായ കോട്ടയം നസീറിനെതിരെ സംവിധായകന്‍ ഡോ. ബിജു. കോട്ടയം നസീർ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'കുട്ടിച്ച'ന്‍റെകഥ തന്‍റെ ചിത്രത്തില്‍ നിന്നും മോഷ്ടിച്ചതാണെന്ന് സംവിധായകൻ സുദേവന്‍ ആരോപിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഡോ. ബിജു രംഗത്തെത്തിയത്.
'കുട്ടിച്ചൻ' എന്ന ഹ്രസ്വ ചിത്രം സംവിധായകന്‍ സുദേവന്‍റെ'അകത്തോ പുറത്തോ' എന്ന സിനിമയിലെ 'വൃദ്ധന്‍' എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്ന് ബിജു ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിജുവിന്‍റെ പ്രതികരണം.
''കഴിഞ്ഞ കുറേ കാലമായി മലയാളത്തില്‍ കണ്ട് വരുന്ന ഒരു രീതി ഉണ്ട്. ചെറിയ ഇന്‍ഡിപെന്‍ഡന്‍റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂര്‍ണ്ണമായോ ഭാഗികമായോ അടിച്ച് മാറ്റി മുഖ്യധാരാ സിനിമകള്‍ ഉണ്ടാക്കുക എന്ന രീതി. ലോക ക്ലാസ്സിക്കുകളുടെ സബ്ജക്ട് വരെ കോപ്പിയടിച്ചുണ്ടാക്കിയ സിനിമകളും ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചില ചെറു സമാന്തര സിനിമകളുടെ പ്രമേയം കടമെടുത്ത് മെലോഡ്രാമ കുത്തിനിറച്ച് കൈയ്യടി നേടുന്ന മുഖ്യധാരാ സിനിമാക്കാരും ഇവിടെ ഉണ്ടാകുന്നു. ഇതാ ഇപ്പോള്‍ അതില്‍ പുതിയൊരു അതിക്രമം'',– ബിജു കുറിപ്പിൽ പറയുന്നു.
അതേസമയം സുദേവന്‍റെ സിനിമ കൂടുതൽ ആളുകൾ കാണാൻ വേണ്ടിയാകും വിവാദമെന്ന് കോട്ടയം നസീർ പ്രതികരിച്ചു.