ഗൗതം മേനോന്‍റെ ട്വീറ്റിന് മറുപടി നല്‍കി കാർത്തിക് നരേന്‍ - Kartghik naren on gautam menon
സാർ, ഇത് എന്‍റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന സിനിമ, 'നരകാസുരൻ' എന്ന് വെളിച്ചം കാണും?: ഗൗതം മേനോന്‍റെ ട്വീറ്റിന് കാർത്തിക് നരേന്‍റെ മറുപടി
മലയാളി താരം റഹ്‌മാൻ പ്രധാന വേഷത്തിലെത്തിയ 'ധ്രുവങ്ങൾ പതിനാറി'ന്‍റെ സംവിധായകൻ കാർത്തിക് നരേനും 'വിണ്ണൈ താണ്ടി വരുവായ', 'വാരണമായിരം' തുടങ്ങിയ ഒരുപിടി റൊമാന്‍റിക് ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ഗൗതം വസുദേവ മേനോനും തമ്മിലുള്ള വിവാദം നിലനിൽക്കെ തങ്ങളുടെ പുതിയ സിനിമയുടെ റിലീസിനെച്ചൊല്ലി വീണ്ടും പിരിമുറുക്കം. യുവസംവിധായകൻ കാർത്തിക് നരേന്‍റെ പുതിയ ചിത്രം 'നരകാസുരനെ'ച്ചൊല്ലിയാണ് തർക്കം. ഗൗതം മേനോന്‍റെ നിർമാണ കമ്പനിയായ ഒൻട്രാഡ എന്‍റർടൈൻമെന്‍റ്സാണ് ചിത്രത്തിന്‍റെ നിർമാണം ഏറ്റെടുത്തത്. പക്ഷേ, ചിത്രം പൂർത്തിയായിട്ടും റിലീസ് വൈകുകയാണ്.
ചിയാൻ വിക്രം നായകനാകുന്ന 'ധ്രുവനച്ചത്തിരം' അവസാനഘട്ട നിർമ്മാണത്തിലാണെന്നും ഈ വർഷം തന്നെ ചിത്രം റിലീസിനെത്തുമെന്നും സംവിധായകൻ ഗൗതം മേനോൻ ട്വീറ്റ് ചെയ്‌തിരുന്നു. ഇതിനു കാർത്തിക് നൽകിയ മറുപടിയാണ് പുതിയ വിവാദത്തിന് കാരണം. 'ദി ചിയാൻ വിക്ര'മുമായി സിനിമ ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ചിത്രം തന്‍റെ ഹൃദയത്തോടടുത്ത് നിൽക്കുന്നുവെന്ന് ജിവിഎം (ഗൗതം വസുദേവ മേനോൻ) ട്വിറ്ററിൽ കുറിച്ചു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ 60 ദിവസത്തിനുള്ളിൽ അവസാനിക്കുമെന്നും ധ്രുവനച്ചത്തിരം ഉടൻ റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.