വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ അനിഷേധ്യ പോരാട്ടങ്ങളും ആധാരമാക്കി ഒരുക്കുമെന്ന് പ്രഖ്യാപിച്ച സിനിമയില്‍ നിന്ന് പിന്‍മാറി സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും. നിര്‍മാതാവുമായുള്ള തര്‍ക്കമാണ് 'വാരിയംകുന്നനി'ല്‍ നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് ആഷിഖ് അബുവിന്‍റെ വിശദീകരണം.
നേരിട്ടത് കടുത്ത വിദ്വേഷപ്രചരണം
അതേസമയം സിനിമ പ്രഖ്യാപിച്ച വേളയിലേ ഇരുവര്‍ക്കുമെതിരെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് കടുത്ത സൈബര്‍ അധിക്ഷേപങ്ങളും വിദ്വേഷ പ്രചരണവുമുണ്ടായിരുന്നു. സിനിമ ഉപേക്ഷിച്ചതായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണമുണ്ടായി. ഇതിന് പിന്നാലെയാണ് സംവിധായകന്‍റെ പ്രതികരണം.
മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ച് 2020 ജൂണിലായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം. എന്നാല്‍ ഇതിന് ശേഷം ചിത്രം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് ചിത്രത്തില്‍ നിന്ന് നേരത്തേ പിന്‍മാറിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നേരത്തേ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് റമീസിന് പിന്‍വാങ്ങേണ്ടി വന്നത്.