ബി.പി മൊയ്തീന്‍ സേവാമന്ദിര്‍ നിര്‍മാണത്തിനായി ദിലീപ് 30 ലക്ഷം രൂപ കൊടുത്തതിന് പിന്നിലുള്ള യഥാര്‍ഥ ലക്ഷ്യം തന്നോടുള്ള പകവീട്ടലാണെന്ന് സംവിധായകന്‍ ആര്‍.എസ് വിമല്‍. 'എന്ന് നിൻ്റെ മൊയ്തീനി'ല്‍ ആദ്യം ദിലീപിനെയും കാവ്യ മാധവനെയുമാണ് നായികാനായകന്മാരായി ആലോചിച്ചിരുന്നത്. എന്നാൽ കാവ്യ അഭിനയിക്കാന്‍ തയ്യാറായെങ്കിലും ദിലീപ് പിന്മാറുകയായിരുന്നെന്നും ആര്‍.എസ് വിമല്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകൻ്റെ പ്രതികരണം.
ആര്‍ എസ് വിമല്‍ പറയുന്നതിങ്ങനെ;
''എന്ന് നിൻ്റെ മൊയ്തീന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ദിലീപ് എന്നോടും കാവ്യ മാധവനോടും കള്ളം പറഞ്ഞു. ഇവര്‍ ഇരുവരെയുമാണ് ആദ്യം ഞാന്‍ നായികാനായകന്മാരായി ആലോചിച്ചിരുന്നത്. ഇതിനായി കാഞ്ചനമാലയുടെ ജീവിതം പറയുന്ന, ഞാന്‍ സംവിധാനം ചെയ്ത 'ജലം കൊണ്ട് മുറിവേറ്റവള്‍' എന്ന ഡോക്യുമെൻ്ററിയുമായി കാവ്യയെ കണ്ടു. ഡോക്യുമെൻ്ററി ഇഷ്ടപ്പെട്ട കാവ്യ സിനിമയിലെ കാഞ്ചനമാലയാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. അതോടൊപ്പം ദിലീപിനെ കാണിക്കാനായി ഒരു കോപ്പി വേണമെന്നും കാവ്യ പറഞ്ഞു. അന്ന് വൈകിട്ട് ദിലീപ് എന്നെ വിളിച്ചു. സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നിരന്തരം സംസാരിച്ചു. എന്നാല്‍ ദിലീപ് പിന്നീട് പ്രോജക്റ്റിൽ നിന്ന് പിന്മാറി. ഒരു നവാഗതസംവിധായകൻ്റെ സിനിമയില്‍ താന്‍ അഭിനയിച്ചത് പരാജയപ്പെട്ടതാണ് ദിലീപിനെ പിന്നോട്ടുവലിച്ചത്.
പിന്നാലെ കാവ്യ എന്നെ ഫോണില്‍ വിളിച്ച് പൊട്ടിത്തെറിച്ചു. നിങ്ങള്‍ക്ക് ഞാനൊരു അവസരമല്ലേ തന്നതെന്നും അതെന്തിനാണ് ഇല്ലാതാക്കിയതെന്നും കാവ്യ ചോദിച്ചു. പിന്നീടാണ് കാവ്യ ദേഷ്യപ്പെട്ടതിൻ്റെ കാരണം മനസിലായത്. ദിലീപ് എന്നോടും കാവ്യയോടും കള്ളം പറയുകയായിരുന്നു. താല്‍പര്യമില്ലെന്ന് എന്നോട് പറഞ്ഞ ദിലീപ് കാവ്യയോട് പറഞ്ഞത് ദിലീപിനെ നായകനാക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ്. എൻ്റെ സിനിമയില്‍ സഹകരിക്കാതിരുന്നത് ഇപ്പോള്‍ ഭാഗ്യമായി കരുതുന്നു.
എന്ന് നിൻ്റെ മൊയ്തീന്‍ ഇത്രയും ജനപ്രിയമാകുമെന്ന് ദിലീപ് കരുതിയില്ല. പിന്നീടാണ് മൊയ്തീന്‍ സേവാമന്ദിറിന് 30 ലക്ഷം മുടക്കാന്‍ ദിലീപ് രംഗത്തെത്തുന്നത്. ആ സമയത്ത് ഞാനും പൃഥ്വിരാജും ഏറെ പഴി കേട്ടു. കാഞ്ചനമാലയെ സന്ദര്‍ശിച്ചതിൻ്റെ പിറ്റേന്ന് ദിലീപ് എന്നെ വിളിച്ചു. കാഞ്ചനമാല ഞങ്ങളുടെ സിനിമയ്ക്കെതിരെ കൊടുത്ത കേസ് കോടതിയില്‍ നടക്കുന്നതിനാലാണ് സേവാമന്ദിര്‍ നിര്‍മാണത്തില്‍ നിന്ന് തല്‍ക്കാലത്തേക്ക് പിന്മാറിയതെന്നും ചിത്രീകരണത്തിന് മുമ്പ് കാഞ്ചനമാലയ്ക്ക് അഞ്ച് ലക്ഷം നല്‍കിയിരുന്നതായും ഞാന്‍ ദിലീപിനോട് പറഞ്ഞു. സ്മാരകം നിര്‍മിക്കുന്നത് ഞങ്ങള്‍ക്ക് താല്‍പര്യമുള്ള കാര്യമാണെന്നും പറഞ്ഞു. അങ്ങനെയൊരു കേസ് നടക്കുന്നുണ്ടെങ്കില്‍ അതിന് മധ്യസ്ഥം വഹിക്കാന്‍ താന്‍ തയ്യാറാണെന്നായിരുന്നു ദിലീപിൻ്റെ മറുപടി. അപ്പോഴാണ് ദിലീപിൻ്റെ യഥാര്‍ഥ റോള്‍ എനിക്ക് മനസിലായത്. ഒരുതരം പകവീട്ടല്‍ തന്നെയായിരുന്നു അത്. അങ്ങനെ ഒരു മധ്യസ്ഥൻ്റെ ആവശ്യമില്ലെന്ന് അപ്പോള്‍ത്തന്നെ ദിലീപിനോട് പറഞ്ഞു.
ആറ് കോടി സാറ്റലൈറ്റ് റൈറ്റ് ലഭിച്ച സിനിമയാണ് മൊയ്തീന്‍. ആ പണത്തിൻ്റെ പങ്ക് നിര്‍മാതാക്കളില്‍ നിന്ന് ഞാനോ പൃഥ്വിരാജോ വാങ്ങിയിട്ടില്ല. അതില്‍ നിന്ന് ഒരു വിഹിതമെടുത്ത് എന്ന് നിൻ്റെ മൊയ്തീന്‍ നിര്‍മാതാക്കള്‍ സേവാമന്ദിര്‍ പണിയണം. ദിലീപിൻ്റെ പേര് ഒരിക്കലും സേവാമന്ദിറിൻ്റെ ശിലാഫലകത്തില്‍ വരരുത്." താഴേക്ക് വീണുകൊണ്ടിരിക്കുന്ന ആളുടെ തലയില്‍ വീണ്ടും ചവിട്ടുകയല്ല താനെന്നും അനുഭവിച്ച വേദന പങ്കുവയ്ക്കുക മാത്രമാണെന്നും വിമല്‍ പറയുന്നു.