ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതം പറയുന്ന ഡോക്യുമെന്‍ററി കാന്‍ ചലച്ചിത്രമേളയിലേക്ക്. ഓസ്‌കാര്‍ ജേതാവായ ആസിഫ് കപാഡിയയാണ് 'ഡീഗോ മറഡോണ' എന്ന ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്.
മറഡോണയുടെ ജീവിതം കാനിലേക്ക്
ഫുട്‌ബോളിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഡീഗോ മറഡോണ. കളിക്കളത്തിലെ പ്രകടനത്തോളം തന്നെ നാടകീയവും സംഭവ ബഹുലവുമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.
ഡീഗോ മറഡോണയും നാപ്പോളി നഗരവും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഡോക്യുമെന്‍ററിയില്‍ പറയുന്നത്. 1984 മുതല്‍ 1991 വരെ നാപ്പോളിയുടെ താരമായിരുന്നു മറഡോണ. മറഡോണയുടെ അവിശ്വസനീയവും കുപ്രസിദ്ധവുമായ ജീവിതമാണ് സംവിധായകനെ അദ്ദേഹത്തിന്‍റെ ജീവിതത്തെ കുറിച്ച് ഡോക്യുമെന്‍ററി ഒരുക്കാൻ പ്രേരിപ്പിച്ചത്. നാപ്പോളിയുടെ താരമായിരിക്കെ അധോലോക നായകന്മാരുമായി മറഡോണയ്ക്കുണ്ടായിരുന്ന ബന്ധവും ചിത്രമൊരുക്കാൻ കാരണമായി. മൂന്ന് മണിക്കൂര്‍ നീണ്ട അഭിമുഖമാണ് ചിത്രത്തിനായി മറഡോണ നല്‍കിയത്.
ആമി വൈന്‍ഹൗസിന്‍റെ ജീവിതം അവതരിപ്പിച്ച ഡോക്യുമെന്‍ററിയ്ക്കാണ് 2016 ല്‍ ആസിഫിന് ഓസ്‌കാര്‍ ലഭിച്ചത്. 2011 ല്‍ ബ്രസീലിയന്‍ മോട്ടോര്‍ റെയ്‌സിങ് ചാമ്പ്യന്‍ ആര്‍ട്ടണ്‍ സെന്നയുടെ ജീവിതതും ആസിഫ് തിരശ്ശീലയിലെത്തിച്ചിരുന്നു.