വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഡിയർ കോമ്രേഡിന്‍റെ ട്രെയിലർ പുറത്തിറങ്ങി. തെന്നിന്ത്യൻ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഭരത് കമ്മയാണ്.
പ്രണയവും വിപ്ലവവും; ഡിയർ കോമ്രേഡ് ട്രെയിലർ
ദുല്‍ഖർ സല്‍മാൻ ചിത്രം സിഐഎയുടെ റീമേക്കാണ് 'ഡിയർ കോമ്രേഡ്' എന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്നും തീർത്തും വ്യത്യസ്ത ചിത്രമാണിതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു
പ്രണയവും വിപ്ലവവുമാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിന്‍റെ പ്രധാന ആകർഷണം. മൈത്രി മേക്കേഴ്സിന്‍റെ ബാനറില്‍ നവീൻ യെർനേനി, വൈ രവിശങ്കർ, മോഹൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന് വേണ്ടി സിദ് ശ്രീറാം ആലപിച്ച 'മധുപോലെ' എന്ന പ്രണയഗാനത്തിന് വൻ വരവേല്‍പാണ് ആരാധകർ നല്‍കിയത്.
'ഗീത ഗോവിന്ദം' എന്ന ചിത്രത്തിന് ശേഷം തെലുങ്കിലെ മികച്ച പ്രണയ ജോഡിയായി മാറിയ വിജയ്യും രശ്മികയും വീണ്ടും ഒന്നിക്കുന്ന ചിത്രമായതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഡിയർ കോമ്രേഡിനായി കാത്തിരിക്കുന്നത്. ഈ മാസം 26ന് ചിത്രം തിയേറ്ററുകളിലെത്തും.