ബിജെപിക്കെതിരെ കൈകോർത്ത് സിനിമാ പ്രവർത്തകർ - ബിജെപി
‘ജനാധിപത്യത്തെ രക്ഷിക്കുക’ എന്ന തലക്കെട്ടോടെയാണ് പ്രസ്താവന. ദേശീയതയുടെ പേരില്‍ രാജ്യത്ത് കലാകാരന്മാർക്കെതിരെ നടക്കുന്ന അക്രമങ്ങളെയും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു

മോദി സര്‍ക്കാരിനെതിരെ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ. ഇനിയൊരു അഞ്ച് വർഷം കൂടി ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നൂറിലേറെ സിനിമാ പ്രവർത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്. ആര്‍ട്ടിസ്റ്റ് യുണൈറ്റ് ഇന്ത്യയുടെ വെബ്ബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് ഇവരുടെ അഭ്യഥന. രാജ്യത്തിന്‍റെ സംസ്‌കാരത്തെയും ശാസ്ത്ര സ്ഥാപനങ്ങളെയും ബിജെപി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും ഇതിനാലാണ് ഇത്തരത്തിലൊരു അഭ്യര്‍ഥന നടത്തുന്നതെന്നും പ്രസ്താനവയില്‍ പറയുന്നു. ദേശീയ പുരസ്കാര ജേതാവായ ആനന്ദ് പഡ്വര്‍ധന്‍, ഷരീഫ് ഈസ, കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ ബീന പോൾ, വേണു, മുഹ്‌സിന്‍ പെരാരി, അനുപമ ബോസ്, ദിവ്യ ഭാരതി, കെഎം കമല്‍, ലീല മണിമേഖല, പ്രേം ചന്ദ്, രാജീവ് രവി, സനല്‍കുമാര്‍ ശശിധരന്‍, ആഷിഖ് അബു, മധുപാല്‍, ലീല സന്തോഷ്,പ്രിയനന്ദന്‍ തുടങ്ങിയ 103ഓളം പേരാണ് പ്രസ്താവനയില്‍ ഒപ്പ് വെച്ചിരിക്കുന്നത്. "വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബുദ്ധിപരമായി വേണം നാം തീരുമാനമെടുക്കാന്‍. ഫാസിസം അതിന്‍റെ സര്‍വ്വശക്തിയുമെടുത്ത് പ്രഹരിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. രാജ്യത്തിന്‍റെ ഭരണഘടനയെ ആദരിക്കുന്ന സര്‍ക്കാരിനെയാണ് തെരഞ്ഞെടുക്കേണ്ടത്.” പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ വര്‍ഗീയതയുടെ പേരില്‍ ധ്രുവീകരിക്കാന്‍ ഗോരക്ഷയും ആള്‍ക്കൂട്ട ആക്രമണവും പ്രയോഗിക്കുകയാണ് ബിജെപി സർക്കാർ. അവരെ എതിർത്തത് കൊണ്ടാണ് നമ്മുടെ പ്രിയപ്പെട്ട പല എഴുത്തുകാർക്കും ജീവൻ നഷ്ടമായതെന്ന് മറക്കരുതെന്നും സിനിമ പ്രവർത്തകർ പറയുന്നു.