ബോളിവുഡിലെ ഏറ്റവും പുതിയ താരജോഡികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ആലിയയുമായി പ്രണയത്തിലാണെന്ന് രൺബീർ തുറന്ന് സമ്മതിച്ചതു മുതൽ ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇരുവരുടേയും കുടുംബങ്ങൾ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്ന തരത്തിൽ കുറച്ച് ദിവസങ്ങളായി വാർത്തകളും വന്നുകൊണ്ടിരിക്കുകയാണ്. എന്നാലിപ്പോൾ വിവാഹം എന്നാണെന്നുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആലിയ ഭട്ട്.
വിവാഹ ചോദ്യങ്ങളോട് പ്രതികരിച്ച് ആലിയ ഭട്ട് - രണ്‍ബീർ കപൂർ
പതിനൊന്നാം വയസ്സിൽ ആദ്യമായി കണ്ടപ്പോൾ മുതൽ രണ്‍ബീറിനോട് 'ക്രഷ്' ഉണ്ടായിരുന്നുവെന്നും എന്നാൽ വിവാഹത്തിന് ഇനിയും സമയമായിട്ടില്ലെന്നും ആലിയ പറഞ്ഞു.
വിവാഹത്തിന് ഇനിയും സമയമായിട്ടില്ല എന്നാണ് താരം പറയുന്നത്.'' രണ്ട് മനോഹര വിവാഹങ്ങൾ ബോളിവുഡില്‍ കഴിഞ്ഞതല്ലേയുള്ളു. ആളുകൾക്ക് കുറച്ച് ഇടവേളയൊക്കെ ലഭിക്കട്ടെ'', ആലിയ പറഞ്ഞു. എനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോഴാണ് ഞാൻ രൺബീറിനെ ആദ്യമായി കാണുന്നത്. അന്ന് മുതല്‍ എനിക്ക് രൺബീറിനോട് അടുപ്പം തോന്നിയിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ബന്ധം ഒരു നേട്ടമായിട്ടല്ല മറിച്ച് ജീവിതത്തിന്‍റെ തന്നെ ഒരു ഭാഗമായിട്ടാണ് കാണുന്നത്'' ആലിയ വ്യക്തമാക്കി.
സോനം കപൂറിന്‍റെ വിവാഹ സല്‍ക്കാരമാണ് ഇവരുടെ പ്രണയം വെളിച്ചത്തു കൊണ്ടുവന്നത്. അയൻ മുഖര്‍ജിയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. കരണ്‍ ജോഹർ നിർമ്മിക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, മൗനി റോയ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രം അടുത്ത വർഷം പ്രദർശനത്തിനെത്തും.