ഇന്ന് 'ബിഗ് ബി ഡേ'. 'സാത്ത് ഹിന്ദുസ്ഥാനി'യിലൂടെ സിനിമയിൽ തുടക്കം കുറിച്ച അമിതാഭ് ബച്ചന്‍റെ എഴുപത്തിയേഴാം ജന്മദിനമാണ് ഇന്ന്. പ്രശസ്‌ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്‍റെയും തേജി ബച്ചന്‍റെയും പുത്രനായി 1942 ഒക്ടോബർ 11-ന് ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് താരത്തിന്‍റെ ജനനം.
1969 ലാണ് ബച്ചന്‍ ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. ആദ്യ സിനിമ വലിയ വിജയമായിരുന്നില്ലെങ്കിലും മികച്ച പുതുമുഖത്തിനുള്ള ദേശീയ പുരസ്‌കാരവുമായാണ് ബച്ചൻ തന്‍റെ വരവറിയിച്ചത്. അന്ന് വരെ തുടർന്ന് പോയിരുന്ന പരമ്പരാഗത വേഷങ്ങളെ മറികടന്ന് ഇന്ത്യൻ സിനിമയുടെ ആൻഗ്രി യങ് മാൻ ആയി മാറാൻ താരത്തെ സഹായിച്ചത് 1973-ലെ സഞ്ജീര്‍ ആയിരുന്നു. ചിത്രത്തിൽ ബച്ചൻ അനീതികൾക്കെതിരെ പോരാടുന്ന ക്ഷുഭിതനായ ചെറുപ്പക്കാരന്‍റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സഞ്ജീര്‍ താരത്തിന് സൂപ്പര്‍ സ്റ്റാർ പദവിയും നേടിക്കൊടുത്തു.
1975 ലെ ഷോലെ അമിതാഭിന്‍റെ മാസ്റ്റർ പീസ് സിനിമകളിലൊന്നാണ്. 70, 80 കാലഘട്ടങ്ങളിൽ ബോളിവുഡിന്‍റെ ഏകാധിപതിയായിരുന്നു അമിതാഭ് ബച്ചൻ. അമര്‍ അക്ബര്‍ ആന്‍റണി, ദോസ്‌തി, കൂലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 1990 ല്‍ ഇറങ്ങിയ 'അഗ്‌നിപഥ്' ബിഗ് ബിയെ ഭരത് അവാര്‍ഡിന് അർഹനാക്കി. മലയാളത്തില്‍ മേജര്‍ രവി സംവിധാനം ചെയ്‌ത കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ അദ്ദേഹം മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. 1984 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 2001 ൽ പത്മഭൂഷണും 2015 ൽ പത്മവിഭൂഷണും ലഭിച്ചു. 2007 ൽ ഫ്രഞ്ച് സര്‍ക്കാര്‍ നൈറ്റ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ നൽകി.
അഭിനേത്രിയായ ജയ ഭാധുരിയാണ് ഭാര്യ. അഭിഷേക് ബച്ചൻ മകനും ഐശ്വര്യ റായ് ബച്ചന്‍ മരുമകളുമാണ്. അഭിഷേകിനെ കൂടാതെ താരദമ്പതികൾക്ക് ശ്വേത എന്നൊരു മകൾ കൂടിയുണ്ട്. എന്നാൽ എഴുപത്തിയേഴാം പിറന്നാളിന് ആഘോഷമില്ലെന്ന് അമിതാഭ് ബച്ചൻ പറയുന്നു. ഒരു സാധാരണ ദിവസമായി തന്നെ ഇതിനെ കാണുകയാണെന്നും ആഘോഷിക്കാൻ പ്രത്യേകിച്ചൊന്നുമില്ലെന്നുമാണ് ബച്ചന്‍റെ നിലപാട്.