കേരളം

kerala

ETV Bharat / sitara

'ഭൂല്‍ ഭുലയ്യ'ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു; നായകനായി കാർത്തിക് ആര്യൻ

അക്ഷയ് കുമാർ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത 2007-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമാണ് ഭൂൽ ഭുലയ്യ.

karthik aryan

By

Published : Aug 19, 2019, 12:01 PM IST

'മണിച്ചിത്രത്താഴി'നോളം റീമേക്കുകള്‍ ഉണ്ടായിട്ടുള്ള മറ്റൊരു മലയാളം ചിത്രമില്ല. തെന്നിന്ത്യൻ ഭാഷകൾ കൂടാതെ ഹിന്ദിയിലും ബംഗാളിയിലും വരെ മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 2007ല്‍ പുറത്തെത്തിയ 'ഭൂല്‍ ഭുലയ്യ'യായിരുന്നു മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക്. അക്ഷയ് കുമാർ നായകനായെത്തിയ ചിത്രം ബോളിവുഡിലും സുപ്പർഹിറ്റായിരുന്നു. ഡോ ആദിത്യ ശ്രീവാസ്തവ് എന്ന കഥാപാത്രത്തെയാണ് അക്ഷയ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാംഭാഗമായ 'ഭൂല്‍ ഭുലയ്യ 2' പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷേ പ്രിയദര്‍ശനോ അക്ഷയ്കുമാറോ രണ്ടാംഭാഗവുമായി സഹകരിക്കുന്നില്ല. യുവതാരം കാർത്തിക് ആര്യനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഹല്‍ചല്‍, നോ എന്‍ട്രി, റെഡി തുടങ്ങിയ ചിത്രങ്ങളൊക്കെ ഒരുക്കിയ അനീസ് ബസ്മിയാണ് 'ഭൂല്‍ ഭുലയ്യ 2'വിന്‍റെ സംവിധാനം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തിയതിയും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. 2020 ജൂലൈ 31ന് ചിത്രം തീയേറ്ററുകളിലെത്തും.

രുദ്രാക്ഷവും ചന്ദനകുറിയും അണിഞ്ഞ് സന്യാസിയുടെ ലുക്കില്‍ ഇരിക്കുന്ന കാർത്തിക് ആര്യനാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയെന്ന് അറിവായിട്ടില്ല. ആദ്യ ഭാഗത്തില്‍ അക്ഷയ് കുമാറിനൊപ്പം വിദ്യാ ബാലനും ഷൈനി അഹൂജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details