തിരുവനന്തപുരം: ചലച്ചിത്രമേള ഉദ്ഘാടന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന. വേദിയിൽ ആമുഖപ്രസംഗം നടത്തിയ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ അപ്രതീക്ഷിതമായി വേദിയിലേക്ക് ക്ഷണിച്ചത്. കുർദ്ദിഷ് സംവിധായിക ലിസ ചലാനു ശേഷം വേദിയിലെത്തിയ ഭാവനയെ പോരാട്ടത്തിന്‍റെ മറ്റൊരു പെൺ പ്രതീകമെന്ന് സംബോധന ചെയ്‌താണ് ക്ഷണിച്ചത്.
ഇതോടെ സദസ് ഏറെ നേരം എഴുന്നേറ്റു നിന്ന് കയ്യടിച്ച് ഭാവനയെ സ്വീകരിച്ചു. വേദിയിലേക്കെത്തിയ ഭാവനയെ മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ ആലിംഗനം ചെയ്തു സ്വീകരിച്ചു. ഭാവന കേരളത്തിന്‍റെ റോൾ മോഡൽ ആണെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി സജി ചെറിയാൻ പറഞ്ഞു. പോരാടുന്ന എല്ലാ വനിതകൾക്കും ആശംസകൾ നേരുന്നതായി ഭാവന മറുപടി പ്രസംഗത്തിൽ പറഞ്ഞു.