സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ഫിലിമി ഫ്രൈഡേയ്സ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുമായി എല്ലാ വെള്ളിയാഴ്ചകളിലും താൻ യുട്യൂബ് പ്രേക്ഷകർക്ക് മുൻപില്‍ എത്തുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹാസ്യരൂപേണ പരാമർശിച്ച് കൊണ്ടുള്ള ബാലചന്ദ്ര മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. അദ്ദേഹം പുതിയ യുട്യൂബ് ചാനല്‍ തുടങ്ങാനിരിക്കെ മോദിയും പുതിയ യുട്യൂബ് ചാനലുമായി എത്തുന്നു എന്ന വാർത്തയാണ് പോസ്റ്റിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
''1982 ല്‍ ഞാന്‍ ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന പേരില്‍ ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന കുറെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരു ചിത്രം പുറത്തിറക്കി. 1986 ആയപ്പോള്‍ ഏതാണ്ട് അതേ പശ്ചാത്തലത്തില്‍ ‘ താളവട്ടം ‘എന്ന സിനിമ പ്രിയന്‍ സംവിധാനം ചെയ്തു. മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ചിത്രത്തിന്‍റെ പ്രമേയവുമായി സാമ്യമുള്ളതാണ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ 'ചിത്രം' എന്ന സിനിമ. സിനിമയില്‍ തനിക്ക് ലഭിച്ചിട്ടുള്ള അതേ അനുഭവമാണ് മോദിയില്‍ നിന്നും ഇപ്പോൾ ലഭിച്ചിരിക്കുന്നത്'', ബാലചന്ദ്ര മേനോൻ കുറിച്ചു.
എന്‍റെ യുട്യൂബ് ചാനലിന്‍റെ കാര്യം ആര് അദ്ദേഹത്തോട് പറഞ്ഞു എന്ന നർമ്മം കലർന്ന ചോദ്യം ഉന്നയിച്ച് കൊണ്ടാണ് ബാലചന്ദ്ര മേനോൻ കുറിപ്പ് അവസാനിക്കുന്നത്.