തമിഴ് സൂപ്പര്‍താരം സൂര്യയുടെ നായികയായി മലയാളത്തിൻ്റെ പ്രിയനായിക അപര്‍ണ ബാലമുരളി എത്തുന്നു. സർവം താളമയം എന്ന ആദ്യചിത്രത്തിൻ്റെ വിജയത്തിന് ശേഷം തൻ്റെ രണ്ടാമത്തെ തമിഴ് ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് താരം. സുധ കോന്‍ഗര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യയോടൊപ്പം അപർണ വേഷമിടുന്നത്.
സൂര്യ 38 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പൂജ ചിത്രങ്ങൾ അപർണ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇതിലും മികച്ചൊരു ഭാഗ്യ തനിക്ക് ലഭിക്കാനില്ലെന്നും എല്ലാവരുടേയും അനുഗ്രഹം വേണമെന്നും അപർണ ചിത്രത്തോടൊപ്പം കുറിച്ചു. ഇതോടൊപ്പം തന്നെ സൂര്യയ്ക്കും അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള ടൂ ഡി എൻ്റർടെയ്ൻമെൻ്റസ് എന്ന പ്രൊഡക്ഷൻ കമ്പനിക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്.
താരത്തിന് ആശംസകൾ നേർന്നുകൊണ്ട് സിനിമ താരങ്ങളും ആരാധകരും ചിത്രത്തിന് കമൻ്റ് ചെയ്തിട്ടുണ്ട്. നടന്‍ സൂര്യയും അപര്‍ണയെ ടാഗ് ചെയ്ത് ചിത്രം പങ്കുവെച്ചിട്ടുണ്ട്. സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2 ഡി എൻ്റര്‍ടെയിന്‍മെൻ്റാണ് ചിത്രത്തിൻ്റെ നിര്‍മ്മാണം. സൂര്യയുടെ അച്ഛൻ ശിവകുമാർ, സഹോദരനും നടനുമായ കാർത്തി, നടൻ ജി വി പ്രകാശ് തുടങ്ങിയവർ പൂജാ ചടങ്ങിൽ പങ്കെടുത്തു.