തന്‍റെ ഭാര്യ അനുഷ്ക ശർമ്മയാണ് തന്‍റെ ഏറ്റവും വലിയ കരുത്തെന്ന് പലതവണ തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ വാക്കുകൾ സത്യമായിരുന്നുവെന്ന് കാണിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ.
അച്ഛന്‍റെ ഓർമകളിൽ വികാരാധീനനായ വിരാട് കോഹ്‌ലിയെ ആശ്വസിപ്പിച്ച് അനുഷ്ക ശർമ്മ - virat kohli with wife anushka sharma
ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങിനിടയില്‍ നിന്നുള്ളതാണ് വീഡിയോ.
ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങിനിടയില്‍ നിന്നുള്ളതാണ് വീഡിയോ. ഡൽഹിയിലെ ഫിറോഷ് ഷാ കോട്‌ല സ്റ്റേഡിയത്തിന്‍റെ പേര് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നാക്കി മാറ്റുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും എത്തിയത്. സ്റ്റേഡിയത്തിലെ ഒരു പവലിയന് വിരാട് കോഹ്‌ലിയുടെ പേര് നൽകുന്ന ചടങ്ങും ഇതിനൊപ്പം നടന്നിരുന്നു. ചടങ്ങിനിടയില്‍ ഡിഡിസിഎ (ഡൽഹി ആന്‍റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ) പ്രസിഡന്‍റ് രജത് ശർമ്മ വിരാട് കോഹ്‌ലിയുടെ പിതാവ് പ്രേം കോഹ്‌ലിയുടെ മരണ വാർത്തയറിഞ്ഞ് അരുൺ ജെയ്റ്റ്‌ലി അദ്ദേഹത്തിന്‍റെ വീട് സന്ദർശിക്കാനെത്തിയപ്പോഴുണ്ടായ സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. ''വിരാടിന്‍റെ വീട്ടിലെത്തിയപ്പോഴാണ് പിതാവ് മരിച്ചിട്ടും അദ്ദേഹം രാജ്യത്തിന് വേണ്ടി മത്സരം കളിക്കാൻ പോയതായി അരുൺ ജെയ്റ്റ്‌ലി അറിയുന്നത്. ക്രിക്കറ്റിൽ കോഹ്‌ലിയുടെ പേര് ലോകം മുഴുവൻ അറിയുമെന്ന് അന്ന് തന്നെ ജെയ്റ്റ്‌ലി പ്രവചിച്ചു,” രജത് ശർമ്മ പറഞ്ഞു.
എന്നാല്‍ തന്‍റെ പിതാവിനെക്കുറിച്ച് കേട്ടതും വിരാട് കോഹ്‌ലി വികാരാധീനനായി. ഇത് മനസസിലാക്കിയ ഭാര്യ അനുഷ്ക ശർമ്മ പെട്ടെന്ന് തന്നെ കോഹ്‌ലിയുടെ കൈയ്യിൽ ചുംബിച്ചു. താൻ എപ്പോഴും കൂടെയുണ്ടാകുമെന്ന് പറയുന്നത് പോലെ കോഹ്‌ലിയുടെ കൈ കോർത്ത് പിടിച്ചു. ഇതിന്‍റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ക്രിക്കറ്റിലെ വിരാട് കോഹ്‌ലിയുടെ സംഭാവനകൾക്കുളള അംഗീകാരമെന്ന നിലയിലാണ് ഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലെ സ്റ്റാന്‍ഡുകളിലൊന്നിന് വിരാടിന്‍റെ പേര് നല്‍കാൻ ഡിഡിസിഎ തീരുമാനിച്ചത്.