ബോളിവുഡില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള, തന്‍റെ ചിത്രങ്ങളിലൂടെ രാഷ്ട്രീയം തുറന്ന് കാണിക്കാൻ മടിയില്ലാത്ത സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയറിച്ച് അനുരാഗ് കശ്യപ് കുറിച്ച ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
'മോദി സാറിന് അഭിനന്ദനങ്ങൾ; എന്‍റെ മകളെ അസഭ്യം പറഞ്ഞ താങ്കളുടെ അണികളെ എന്ത് ചെയ്യണം?'; അനുരാഗ് കശ്യപ് ചോദിക്കുന്നു - അനുരാഗ് കശ്യപ്
തന്‍റെ മകള്‍ക്കെതിരെ ഭീഷണി സ്വരങ്ങള്‍ മുഴക്കിയാണ് മോദിയുടെ അണികള്‍ വിജയമാഘോഷിക്കുന്നതെന്നും അവരെ എങ്ങനെ നേരിടണമെന്ന് തനിക്ക് പറഞ്ഞ് തരണമെന്നും അനുരാഗ് കശ്യപ് നരേന്ദ്ര മോദിയോട് ചോദിക്കുന്നു.
മോദിയുടെ വിജയത്തിന് ആശംസകൾ അറിയിക്കുകയും ഒപ്പം തന്‍റെ മകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി പ്രവർത്തകനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ചോദിച്ച് കൊണ്ടാണ് അനുരാഗ് കശ്യപിന്‍റെ ട്വീറ്റ്. 'മോദി സാറിന് അഭിനന്ദനങ്ങള്‍.. ഏവരെയും എന്തിനെയും ഉള്‍ക്കൊള്ളണമെന്ന അങ്ങയുടെ സന്ദേശത്തിന് നന്ദി. അതോടൊപ്പം നിങ്ങളോട് അഭിപ്രായ വ്യത്യാസമുള്ളയാളെന്ന നിലയില്‍... എനിക്കൊന്ന് കൂടി പറഞ്ഞ് തരൂ... നിങ്ങളുടെ വിജയമാഘോഷിക്കാന്‍ ഇത്തരം സന്ദശങ്ങളയച്ച് എന്‍റെ മകളെ ഭീഷണിപ്പെടുത്തുന്ന നിങ്ങളുടെ അണികളെ എന്ത് ചെയ്യണം..? മകളുടെ ഫോട്ടോയ്ക്ക് താഴെ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീലച്ചുവയുള്ള കമന്‍റും ഉൾപ്പെടുത്തി കൊണ്ട് അനുരാഗ് ട്വീറ്റ് ചെയ്തു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തിയതിന് നിരവധി പേരാണ് മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളില്‍ മോദി ഭക്തരും ആഘോഷം പൊടിപൊടിച്ചു. ഇതിനിടെയാണ് ഒരു മോദി ഭക്തന്‍ അനുരാഗ് കശ്യപിന്‍റെ മകള്‍ക്ക് ഭീഷണിയുമായി രംഗത്തെത്തിയത്. മോദിക്കെതിരെ പറഞ്ഞാല്‍, അച്ഛന്‍ ഇനിയും സംസാരിച്ചാല്‍ റേപ്പ് ചെയ്യും എന്ന തരത്തിലായിരുന്നു അയാളുടെ ഭീഷണി.