നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന 'അനുഗ്രഹീതൻ ആൻ്റണി' എന്ന ചിത്രം തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ആൻ്റണിയായി സണ്ണി വെയ്ൻ എത്തുമ്പോൾ കാമുകി സഞ്ജനയായി എത്തുന്നത് 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ്. ഗൗരിയുടെ മലയാള അരങ്ങേറ്റ ചിത്രമാണിത്.
ആൻ്റണിയായി സണ്ണി വെയ്ന്‍; കൂടെ കുട്ടി ജാനുവും - അനുഗ്രഹീതൻ ആൻ്റണി
നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന 'അനുഗ്രഹീതൻ ആൻ്റണി'യിൽ ഒരു സ്കൂൾ മാഷിൻ്റെ മകനായ ആൻ്റണിയെയാണ് സണ്ണി വെയ്ൻ അവതരിപ്പിക്കുന്നത്. ആൻ്റണിയുടെ കാമുകി സഞ്ജനയായി ഗൗരി കിഷൻ എത്തുന്നു.
ഗൗതമി നായർ സംവിധാനം ചെയ്യുന്ന വൃത്തം എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷമാണ് സണ്ണി വെയ്ൻ ആൻ്റണിയാകാനായി തൊടുപുഴയിലെത്തിയത്. ഒരു ഗ്രാമത്തിലെ സ്കൂള്‍ മാഷിൻ്റെ മകനായ ആൻ്റണിയെയാണ് സണ്ണി അവതരിപ്പിക്കുന്നത്. തൻ്റെ പ്രതീക്ഷക്കൊത്ത് ഉയരാത്ത മകന് പകരമായി അച്ഛന് രണ്ടു നായ് കുട്ടികളെ എടുത്തു വളര്‍ത്തുന്നു. തുടര്‍ന്ന് തരംകിട്ടുമ്പോഴെല്ലാം ആ നായ്ക്കുട്ടികളെ ഉപദ്രവിക്കുന്ന ആൻ്റണിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
റെഡ്കോണ്‍ സിനിമാസിൻ്റെ ബാനറില്‍ തുഷാര്‍ എസ് ആണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി വെയ്നും ഗൗരിക്കും പുറമേ സിദ്ധിഖ് , സുരാജ് വെഞ്ഞാറമൂട്, മുത്തുമണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ജിഷ്ണു .ആര്.നായര്‍, അശ്വിൻ പ്രകാശ് എന്നിവർ തിരക്കഥയും സെൽവകുമാർ ചായാഗ്രഹണവും നിർവഹിക്കുന്നു. മനു മഞ്ജിത്തിൻ്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന് ആണ് സംഗീതം നിര്‍വഹിക്കുന്നത് .