കേരളം

kerala

ETV Bharat / sitara

ഡബ്ബിങ് താരം ആനന്ദവല്ലി അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, തൂവാനത്തുമ്പികൾ തുടങ്ങി രണ്ടായിരത്തിലേറെ ചിത്രങ്ങളിൽ ശബ്ദം നൽകിയിട്ടുണ്ട്.

anandavalli

By

Published : Apr 5, 2019, 5:41 PM IST

പ്രശസ്ത ഡബ്ബിങ് കലാകാരി ആനന്ദവല്ലി (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1992ൽ പുറത്തിറങ്ങിയ 'ആധാരം' എന്ന ചിത്രത്തിന് സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

കെപിഎസിയുടെയും കാളിദാസ കലാകേന്ദ്രത്തിൻ്റേയും നിരവധി നാടകങ്ങളിൽ അഭിനയിച്ച ആനന്ദവല്ലി മെരിലാൻഡിൻ്റെ സിനിമകളിലൂടെയാണ് ചലച്ചിത്ര രംഗത്ത് സജീവമായത്. 'ദേവി കന്യാകുമാരി' എന്ന ചിത്രത്തിൽ നടി രാജശ്രീക്ക് ശബ്ദം നൽകിക്കൊണ്ടാണ് ആനന്ദവല്ലി ഡബ്ബിങ് മേഖലയിലെത്തിയത്. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ൽ പൂർണിമ ജയറാം, 'തൂവാനത്തുമ്പികളിൽ' സുമലത എന്നിവർക്കു വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. ആധാരം എന്ന ചിത്രത്തിൽ നടി ഗീതക്ക് ശബ്ദം നൽകിയതിന് ആ വർഷത്തെ കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 40 വർഷത്തോളം നിരവധി സിനിമകളിലും സീരിയലുകളിലുമായി രണ്ടായിരത്തിലേറെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി.

ഏണിപ്പടികൾ, കാട്, കന്യാകുമാരി, ചോറ്റാനിക്കര അമ്മ, ശ്രീമുരുകൻ, കഥ ഇതുവരെ, വഴിയോരക്കാഴ്ചകൾ, കളിവീട് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവസാനകാലത്ത് 'നീലക്കുയിൽ' എന്ന സീരിയലിൽ അഭിനയിച്ചു വരികയായിരുന്നു. അന്തരിച്ച സംവിധായകൻ ദീപൻ മകനാണ്. വ്യക്കസംബന്ധമായ അസുഖത്തെത്തുടർന്ന് 2017ലായിരുന്നു ദീപൻ്റെ അന്ത്യം.

ABOUT THE AUTHOR

...view details