ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു അനബെല്ല. അനബെല്ലയും അത് കഴിഞ്ഞ് പുറത്തിറങ്ങിയ ചിത്രത്തിൻ്റെ മറ്റ് ഭാഗങ്ങളും ഹോറർ സിനിമാപ്രേമികൾ ഇരുംകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ സീരീസിലെ ഏറ്റവും പുതിയ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. 'അനബെല്ല കംസ് ഹോം' എന്നാണ് പുതിയ ചിത്രത്തിൻ്റെ പേര്.
അനബെല്ല എന്നു പേരുള്ള ഒരു പാവയെ ചുറ്റിപ്പറ്റി നടക്കുന്ന അവിശ്വസനീയമായ സംഭവങ്ങളാണ് അനബെല്ല ചിത്രങ്ങളുടെ ഇതിവൃത്തം. അനബെല്ല സീരീസിലെ മൂന്നാമത്തെ ചിത്രമാണ് അനബെല്ല കംസ് ഹോം. അനബെല്ല, ദി നണ്‍ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഗാരി ഡൗബെർമാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.