എറണാകുളം: താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യം താരസംഘടനയായ അമ്മയും അംഗീകരിച്ചു. പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യം അംഗങ്ങളെ അറിയിക്കാൻ അമ്മ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ചലച്ചിത്ര താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യത്തെ ഫെഫ്ക നേരത്തെ തന്നെ പിന്തുണച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരസംഘടനയും പിന്തുണയ്ക്കാൻ തീരുമാനിച്ചത്. പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾക്ക് നൽകുന്ന കത്തിന്‍റെ പകർപ്പ് സഹിതം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അമ്മ മറുപടി നൽകും.
താരങ്ങളുടെ പ്രതിഫലം കുറയ്‌ക്കാമെന്ന് താരസംഘടന അമ്മ - അമ്മ എക്സിക്യൂട്ടീവ് യോഗം
പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾക്ക് നൽകുന്ന കത്തിന്‍റെ പകർപ്പ് സഹിതം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അമ്മ മറുപടി നൽകും.
അതേ സമയം യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് അമ്മ യോഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കണ്ടെയ്‌ൻമെന്‍റ് സോണിൽ ഉൾപ്പെടുന്ന ഹോട്ടലിൽ യോഗം ചേർന്നുവെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. യോഗം നടത്തിയതിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ കൗൺസിലർ നസീമ ആവശ്യപ്പെട്ടു. ദേശീയപാതയിലെ ഹോട്ടൽ പ്രവർത്തിക്കുന്നതിൽ തടസമില്ലെന്ന് വിവരം ലഭിച്ചതിനാലാണ് ഇവിടെ യോഗം ചേർന്നതെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. യോഗം പൂർത്തിയാക്കിയില്ലന്നും, നിയമം ലംഘിച്ച് യോഗം ചേരേണ്ട അത്യാവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിർമാതാക്കളുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി മാക്ട ഫെഡറേഷനും അറിയിച്ചു. ദിവസ വേതനക്കാരല്ലാത്തവരുടെ പ്രതിഫലം പകുതി കുറയ്ക്കാനും ദിവസ വേതനക്കാരുടെ 25 ശതമാനം കുറയ്ക്കാനുമാണ് തീരുമാനിച്ചത്.