എറണാകുളം: നടൻ ഷെയ്ൻ നിഗമുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് അമ്മ -ഫെഫ്‌ക ഭാരവാഹികളുമായി കൊച്ചിയില്‍ യോഗം ചേർന്നു. ഷെയ്ന്‍ പ്രശ്‌നം ഉന്നയിച്ച വെയിൽ സിനിമയുടെ സംവിധായകൻ ശരത് മേനോനും ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഷെയ്ൻ അമ്മ ഭാരവാഹികളുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് കൊച്ചിയിൽ ഇന്ന് ഫെഫ്ക്ക ഭാരവാഹികളുമായി അനൗപചാരിക യോഗം ചേർന്നത്. നിർമാതാക്കളുമായുള്ള തർക്കം പൂർണമായും പരിഹരിച്ചില്ലെങ്കിലും ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് ശരത് മേനോൻ പറഞ്ഞു.
ഷെയ്ൻ വിഷയം ചർച്ച ചെയ്യാൻ അമ്മയും ഫെഫ്‌കയും യോഗം ചേർന്നു - അമ്മ ഫെഫ്‌ക യോഗം
ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് വെയിൽ സിനിമയുടെ സംവിധായകൻ ശരത് മേനോൻ പറഞ്ഞു.
നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജുമായുണ്ടായിരുന്ന പ്രശ്‌നം ഒത്തുതീർപ്പായിരുന്നെങ്കിലും വെയില്‍ സിനിമയുടെ സെറ്റില്‍ നിന്ന് ഷെയ്ന്‍ നിഗം ഇറങ്ങിപ്പോയതോടെയാണ് വീണ്ടും വിഷയം വഷളായത്. തുടര്‍ന്ന് ഷെയ്‌നുമായി സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിന് ഷെയ്‌നിന്‍റെ കുടുംബം താരസംഘടനയായ അമ്മയെ സമീപിച്ചതിനെത്തുടർന്നാണ് ഭാരവാഹികള്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഷെയ്‌നിന്‍റെ വിശദീകരണം കേട്ട ശേഷം ഷെയ്ന്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് ഇന്ന് ഫെഫ്ക്ക ഭാരവാഹികളുമായുള്ള കൂടിക്കാഴ്ച്ചയും.
ചര്‍ച്ചയില്‍ പങ്കെടുത്ത ശരത് മേനോനും യോഗത്തിൽ തന്‍റെ നിലപാടറിയിച്ചു. സിനിമാ ചിത്രീകരണം പൂർത്തിയാകാനുള്ള സമയവിവര പട്ടിക ഫെഫ്‌കയ്ക്ക് നൽകിയെന്ന് ചര്‍ച്ചയ്ക്ക് ശേഷം സംവിധായകൻ ശരത് അറിയിച്ചു. അതേസമയം ഇനിയും ചർച്ചകൾ ആവശ്യമാണെന്നായിരുന്നു ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍റെ പ്രതികരണം.
അമ്മ എക്സിക്യൂട്ടീവ് ഉടൻ തന്നെ വിഷയം ചർച്ച ചെയ്യുമെന്ന് ഇടവേള ബാബു അറിയിച്ചു. ഷെയ്‌നിനോടും ചര്‍ച്ചയില്‍ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിർമാതാക്കൾ അവരുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം നിർമാതാക്കളുമായി ചര്‍ച്ച നടത്താനാണ് നേതൃത്വത്തിന്‍റെ തീരുമാനം.