കേരളം

kerala

ETV Bharat / sitara

'ഞാൻ പുറത്ത് പോയതല്ല, എന്നെ പുറത്താക്കിയതാണ്'; അമല പോൾ

തനിക്കെതിരെ ആരും ഇതുവരെ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ നിർമാതാക്കൾക്ക് വേണ്ടത്ര പിന്തുണ താൻ നല്‍കിയിട്ടുണ്ടെന്നും അമല കുറിച്ചു.

'ഞാൻ പുറത്ത് പോയതല്ല, എന്നെ പുറത്താക്കിയതാണ്'; അമല പോൾ

By

Published : Jun 28, 2019, 9:45 AM IST

Updated : Jun 28, 2019, 11:16 AM IST

വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രത്തില്‍ നിന്ന് പുറത്താക്കിയതില്‍ രൂക്ഷമായി പ്രതികരിച്ച് നടി അമല പോൾ. വിഎസ്പി33 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചത് അമലയെയായിരുന്നു. പിന്നീട് അമല ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും പകരം മേഘ്ന ആകാശാണ് നായികയായി എത്തുന്നതെന്നും കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്താക്കിയതാണെന്നും അമല പോള്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വാർത്താ കുറിപ്പിലാണ് നടി വിശദീകരണവുമായി എത്തിയത്.

'നിരാശയോട് കൂടിയാണ് ഞാന്‍ ഇത് എഴുതുന്നത്. എന്നെ വിഎസ്പി33 ല്‍ നിന്ന് അവര്‍ പുറത്താക്കുകയായിരുന്നു. ഞാന്‍ സഹകരിക്കുന്നില്ല എന്നാണ് അവര്‍ കാരണം പറയുന്നത്. ഇപ്പോള്‍ ഞാന്‍ ഇത് പുറത്ത് പറയുന്നത് ആത്മപരിശോധനക്കായാണ്. എന്‍റെ കരിയറില്‍ ഞാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കിയോ ഇല്ലയോ എന്ന പരിശോധിക്കുവാന്‍.

എനിക്കെതിരെ ആരും ഇതുവരെ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. മാത്രമല്ല, പ്രതിസന്ധഘട്ടങ്ങളില്‍ ഞാന്‍ വേണ്ടത്ര പിന്തുണ നിര്‍മാതാക്കള്‍ക്ക് നല്‍കിയിട്ടുമുണ്ട്. ഉദാഹരണത്തിന് നിര്‍മാതാവ് പ്രതിസന്ധിയിലായപ്പോള്‍ 'ഭാസ്‌കര്‍ ഒരു റാസ്‌കല്‍' എന്ന സിനിമയില്‍ ഞാന്‍ എന്‍റെ പ്രതിഫലം വേണ്ടെന്ന് വച്ചു. അദ്ദേഹത്തിന് വേണ്ടി പണം അങ്ങോട്ട് നല്‍കുകയും ചെയ്തു. ഒരിക്കലും എന്‍റെ ശമ്പളം തരണമെന്ന് പറഞ്ഞ് ഞാന്‍ കേസ് കൊടുത്തിട്ടില്ല.

'അതോ എന്ത പറവൈ പോലെ' എന്ന സിനിമയുടെ കാര്യം പറയുകയാണെങ്കില്‍ എനിക്ക് ചിത്രീകരണത്തിനിടെ താമസം ഒരുക്കിയത് ഒരു കൊച്ചു ഗ്രാമത്തിലാണ്. നഗരത്തില്‍ താമസം വേണമെന്ന് പറഞ്ഞ് ഞാന്‍ വാശി പിടിച്ചിരുന്നെങ്കില്‍ അത് ആ സിനിമയുടെ ബജറ്റിനെ പ്രതികൂലമായി ബാധിക്കുമായിരുന്നു. ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നു. രാവും പകലും ഞങ്ങള്‍ ഷൂട്ട് ചെയ്തു. പരിക്ക് പറ്റിയിട്ടും ഞാന്‍ ഷൂട്ടിങ് തുടര്‍ന്നു. കാരണം സമയം പോയാല്‍ വലിയ നഷ്ടം സംഭവിക്കും എന്ന് എനിക്ക് അറിയാമായിരുന്നു.

'ആടൈ' എന്ന ചിത്രത്തിന് വേണ്ടിയും ഞാന്‍ ചെറിയ പ്രതിഫലമാണ് വാങ്ങിയത്. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന ലാഭത്തിന്‍റെ പങ്കും ചേര്‍ത്താണ് കരാര്‍ ഉണ്ടാക്കിയത്. ഞാന്‍ എന്‍റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. എനിക്ക് പണക്കൊതിയില്ല.

വിഎസ്പി33യ്ക്ക് വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ മുംബൈയില്‍ എത്തിയിരിക്കുകയാണ് ഞാനിപ്പോള്‍. യാത്രയ്ക്കും താമസത്തിനും ഞാന്‍ സ്വന്തം പണമാണ് ചെലവാക്കിയത്. അതിനിടെയാണ് നിര്‍മാതാവ് രത്‌നവേലുകുമാര്‍ എന്നെ പുറത്താക്കിയ വിവരം അറിയിച്ച് സന്ദേശം അയച്ചത്. ഞാന്‍ അവരുടെ പ്രൊഡക്ഷന്‍ ഹൗസിന് ചേരില്ലത്രേ... ഞാന്‍ ചിത്രീകരണത്തിന്‍റെ ഭാഗമായി ഊട്ടിയില്‍ താമസ സൗകര്യം ഒരുക്കണമെന്ന് പറഞ്ഞിരുന്നത്രെ.. എന്ന കാരണം പറഞ്ഞാണ് എന്നെ പുറത്താക്കിയത്. എന്നാല്‍ അതിന്‍റെ സത്യാവസ്ഥ മനസ്സിലാക്കുന്നതിനും മുന്‍പ് എന്നെ പുറത്താക്കി. ആടൈയുടെ ടീസര്‍ പുറത്തിറങ്ങിയതിന് ശേഷമാണ് ഇതൊക്കെ സംഭവിക്കുന്നത്.

ഇത് പുരുഷമേധാവിത്തത്തിന്‍റെയും ഇടുങ്ങിയ ചിന്തയുടെയും അഹംഭാവത്തിന്‍റെയും അനന്തര ഫലമാണ്. ആടൈ പുറത്തിറങ്ങിയാല്‍ എന്‍റെ പ്രതിഛായ കളങ്കപ്പെടുമെന്നാണ് അവരുടെ ചിന്ത'- അമല കുറിച്ചു.

Last Updated : Jun 28, 2019, 11:16 AM IST

ABOUT THE AUTHOR

...view details