സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്ന സമയത്താണ് 'ആടൈ' തന്നെ തേടിയെത്തിയതെന്ന് നടി അമല പോൾ. 'ആടൈ' ഒരു പരീക്ഷണ സിനിമയാണെന്നും ഈ ചിത്രം തനിക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല വ്യക്തമാക്കി.
'ആടൈ'യിലെ ആ രംഗങ്ങൾ ചെയ്തത് ഏറെ ബുദ്ധിമുട്ടി; അമല പോൾ
സംവിധായകനെയും ടെക്നീഷ്യൻമാരെയും പൂർണമായി വിശ്വസിച്ചത് കൊണ്ടാണ് ചിത്രം ചെയ്തതെന്ന് അമല പറയുന്നു.
“സിനിമ വിടണമെന്ന് ആഗ്രഹിച്ച് തുടങ്ങിയപ്പോഴാണ് ‘ആടൈ’ തേടിയെത്തിയത്. നായികാപ്രാധാന്യമുള്ള തിരക്കഥകളാണെന്ന് പറഞ്ഞ് നിരവധി സംവിധായകർ എന്നെ സമീപിച്ചിരുന്നു, പക്ഷേ ഒന്നും അത്ര രസകരമായി തോന്നിയില്ല. എന്നാൽ ധീരമായൊരു വിഷയവുമായി ‘ആടൈ’ വന്നപ്പോൾ ആ ചിത്രത്തിന്‍റെ കഥയുമായി ഞാൻ പ്രണയത്തിലായി. ഇതൊരു തമിഴ് ചിത്രമാണെന്ന് എനിക്ക് വിശ്വസിക്കാനായില്ല,” അമല പറയുന്നു.
രത്ന കുമാർ സംവിധാനം ചെയ്യുന്ന ‘ആടൈ’ യുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ ട്രെയിലറില്‍ അമല പൂർണ നഗ്നയായി പ്രത്യക്ഷപ്പെട്ടതും ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാല്‍ ആ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ കേവലം 15 പേർ മാത്രമേ സെറ്റില്‍ ഉണ്ടായിരുന്നുള്ളു എന്നും തന്‍റെ ടീമിലും ഷൂട്ടിങ് ക്രൂവിലും വിശ്വസമില്ലായിരുന്നെങ്കിൽ ആ സീനിൽ താൻ അഭിനയിക്കുകയില്ലായിരുന്നു എന്നുമാണ് ചിത്രത്തിലെ വിവാദ രംഗത്തെ കുറിച്ച് അമല പറയുന്നത്. “ആ രംഗം ചിത്രീകരിക്കുന്ന ദിവസമായതോടെ എനിക്ക് പിരിമുറുക്കം കൂടി. ഒരേസമയം ടെൻഷനും അസ്വസ്ഥതയും തോന്നി. സെറ്റിൽ 15 ടെക്നീഷൻമാർ മാത്രമാണ് ആ രംഗങ്ങങ്ങൾ ചിത്രീകരിക്കുമ്പോൾ ഉണ്ടായിരുന്നത്. ആളുകൾ നമ്മളെ തെറ്റിദ്ധരിച്ചാലും ‘ആടൈ’ ഒരു സത്യസന്ധമായ ശ്രമമാണ്,” അമല പറയുന്നു.