കേരളം

kerala

ETV Bharat / sitara

ആ യാത്രയാണ് ജീവിതം മാറ്റിമറിച്ചത്: അമല പോള്‍

വിവാഹജീവിതം തകര്‍ന്നതും അതില്‍നിന്ന് കരകയറാന്‍ സഹായിച്ച യാത്രയെക്കുറിച്ചുമാണ് അമല പറയുന്നത്.

ആ യാത്രയാണ് ജീവിതം മാറ്റിമറിച്ചത്: അമല പോള്‍

By

Published : Jul 24, 2019, 11:45 AM IST

തനിക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റിമറിച്ച സംഭവങ്ങളും അനുഭവങ്ങളും തുറന്ന് പറഞ്ഞ് നടി അമല പോള്‍. ആടൈ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

'പതിനേഴാമത്തെ വയസ്സില്‍ സിനിമയില്‍ എത്തിയ ഒരാളാണ് ഞാന്‍. എനിക്ക് ഒന്നും അറിയില്ലായിരുന്നു. വിവാഹജീവിതം പരാജയപ്പെട്ടപ്പോള്‍ ആ സമയത്ത് എനിക്കത് കൈകാര്യം ചെയ്യാന്‍ പറ്റിയിരുന്നില്ല. കാരണം ലോകം മുഴുവന്‍ എനിക്കെതിരായിരുന്നു. ഞാന്‍ ഒറ്റയ്ക്കാണെന്ന് തോന്നി. എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് കരുതി. കാരണം അത് വല്ലാത്ത വേദനയായിരുന്നു',- അമല പറയുന്നു. എന്നാല്‍ 2016ല്‍ നടത്തിയ ഒരു ഹിമാലയന്‍ യാത്രയാണ് അമലയുടെ ജീവിതം മാറ്റിമറിച്ചത്. 'ഒരു ബാക്ക്പാക്കില്‍ വസ്ത്രങ്ങളും സണ്‍സ്‌ക്രീനും ലിപ് ബാമുമായി ഇറങ്ങിയത് ഇപ്പോഴും ഓര്‍ക്കുന്നു. നാല് ദിവസം ട്രക്കിങ് ഉണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ ടെന്‍റില്‍ ഉറങ്ങി. അവിടെ ഞാന്‍ എന്നെ തന്നെ കണ്ടെത്തുകയായിരുന്നു',- അമല വ്യക്തമാക്കി.

പോണ്ടിച്ചേരിയിലെ ഓറോവിലെയിലാണ് അമല ഇപ്പോൾ താമസിക്കുന്നത്. 'ഒരു മാസം 20000 രൂപയാണ് എന്‍റെ ജീവിതച്ചെലവ്. ബെന്‍സ് വിറ്റു. അതെന്‍റെ അഹംബോധത്തെ വെറുതെ ഊട്ടി വളര്‍ത്തുന്ന ഒന്നായിരുന്നു. സൈക്കിളില്‍ യാത്ര ചെയ്ത് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കും. യോഗയും പൂന്തോട്ടവുമാണ് ജീവിക്കാനുള്ള ഊര്‍ജം എനിക്ക് നല്‍കുന്നത്. ഞാന്‍ അവിടെയുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കും. നൃത്തം ചെയ്യും, പാട്ടു പാടും, ഗിത്താര്‍ വായിക്കും. ബ്യൂട്ടിപാര്‍ലറില്‍ പോലും ഇപ്പോൾ പോകാറില്ല. മുള്‍ട്ടാനി മിട്ടിയും ചെറുപയര്‍ പൊടിയും മാത്രമാണ് സൗന്ദര്യവര്‍ധക വസ്തുക്കളായി ഉപയോഗിക്കാറുള്ളത്. എല്ലാ ദിവസവും കടല്‍ത്തീരത്ത് പോകും, ശുദ്ധവായു ആസ്വദിക്കും. ഇപ്പോള്‍ ഞാന്‍ പ്രണയത്തിലാണ്. അയാളെ വിവാഹം കഴിക്കാനും കുഞ്ഞുണ്ടാകാനും കുഞ്ഞുങ്ങളെ ദത്തെടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

ആടൈയുടെ തിരക്കഥ ഞാന്‍ അദ്ദേഹത്തിന് വായിക്കാന്‍ കൊടുത്തിരുന്നു. നീ മോശം നടിയായിരുന്നുവെന്നാണ് സിനിമ കണ്ടതിന് ശേഷം അദ്ദേഹം എന്നോട് പറഞ്ഞത്. എന്‍റെ എല്ലാ തീരുമാനങ്ങള്‍ക്കും അദ്ദേഹത്തിന്‍റെ പിന്തുണയുണ്ട്. അയാളുടെ സ്‌നേഹം എന്‍റെ മനസിലെ വിഷമങ്ങള്‍ ഇല്ലാതാക്കി'- അമല വ്യക്തമാക്കി.

ABOUT THE AUTHOR

...view details