പ്രണയത്തെ കുറിച്ച് മനസ് തുറന്ന് നടി അമല പോൾ. താനൊരു ബന്ധത്തിലാണെന്നും ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമലയുടെ വെളിപ്പെടുത്തല്‍.
“ആര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. ഞാന്‍ ഒരു ബന്ധത്തിലാണ്. 'ആടൈ' എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം അദ്ദേഹത്തോടാണ് പങ്കു വച്ചത്. അദ്ദേഹം എന്നോട് പറഞ്ഞത് ‘ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കില്‍ ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ട് പോകുക എന്നാണ്. ‘ആടൈ’ മാത്രമല്ല, തന്‍റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും അമല കൂട്ടിച്ചേര്‍ത്തു.
“യഥാർത്ഥ സ്നേഹം എന്‍റെ മുറുവുണക്കാൻ സഹായിച്ചു. എനിക്ക് വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്‍റെ പാഷന്‍ അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു. എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല, എന്‍റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്,” പ്രണയത്തെക്കുറിച്ച് അമല പോള്‍ വാചാലയായി.
‘ആടൈ’ എന്ന ചിത്രത്തിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് അമലയുടെ വെളിപ്പെടുത്തൽ. ക്രൈം തില്ലറായ ‘ആടൈ’ സിനിമയുടെ സംവിധായകൻ രത്ന കുമാറാണ്. ചിത്രത്തിന്‍റെ ട്രെയിലറില്‍ അമല പോൾ നഗ്നയായി എത്തിയത് നിരവധി ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധേയമായിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്‍റെ ചിത്രമായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്.