അമല പോളിന്‍റെ പുതിയ ചിത്രമായ 'ആടൈ'യുടെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ അനുരാഗ് കശ്യപാണ് ട്രെയിലർ റിലീസ് ചെയ്തത്. ഹൊറർ രംഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള ട്രെയിലറില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് അമല എത്തുന്നത്.
അമല പോളിന്‍റെ വേറിട്ട രൂപവുമായി 'ആടൈ' ട്രെയിലർ
ചിത്രത്തിന്‍റെ ടീസറില്‍ പൂർണനഗ്നയായി അമല പ്രത്യക്ഷപ്പെട്ടത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ചിത്രത്തിന്‍റേതായി ആദ്യം പുറത്തിറങ്ങിയ ടീസറും പോസ്റ്ററും വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ടീസറിന്‍റെ അവസാന ഭാഗത്ത് പൂർണ നഗ്നയായാണ് അമല പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ടീസറിന്‍റെ അത്ര ജനപ്രീതി ട്രെയിലറിന് നേടാൻ കഴിയുമോ എന്നത് സംശയമാണ്. 'മേയാതമൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രത്നകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അമലക്ക് ജോഡി ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ സംവിധായകൻ വ്യക്തമാക്കിയിരുന്നു.
സ്വാതന്ത്ര്യത്തിന്‍റെ അതിർ വരമ്പുകളെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിന്‍റെ കഥ കേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്ന് വച്ചിട്ടാണ് ഈ സിനിമ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു. വയലൻസ് രംഗങ്ങൾ നിരവധി ഉള്ളതിനാല്‍ എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് 'ആടൈ'ക്ക് നല്‍കിയിരിക്കുന്നത്. ജൂലൈ 19 ന് ചിത്രം തിയേറ്ററുകളിലെത്തും.