കൊച്ചി: സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബ് സംഘടിപ്പിക്കുന്ന സിപിസി സിനി അവാര്‍ഡ്‌സ് വിതരണം ചെയ്തു. 2018ൽ സിനിമാ മേഖലയിലെ മികച്ച പ്രകടനങ്ങൾ കാഴചവച്ചവർക്കാണ് അവാർഡ് നൽകിയത്. കലൂർ ഐഎംഎ ഹാളില്‍ നടന്ന ചടങ്ങിൽ ചലചിത്രരംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം വരത്തനിലെ പ്രകടനത്തിലൂടെ ഐശ്വര്യ ലക്ഷ്മിയും കരസ്ഥമാക്കി. സിപിസി സിനി അവാര്‍ഡ്‌സ് തുടങ്ങിയ വര്‍ഷം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട രജീഷ വിജയനാണ് ഐശ്വര്യയ്ക്ക് പുരസ്‌കാരം നല്‍കിയത്. പുരസ്‌കാരം ഏറ്റുവാങ്ങി പ്രേക്ഷകരോട് സംസാരിക്കാന്‍ മൈക്ക് വാങ്ങിയെങ്കിലും വികാരനിര്‍ഭരയായി ഐശ്വര്യയ്ക്ക് സംസാരിക്കാന്‍ സാധിച്ചില്ല. സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി ഐശ്വര്യ സ്‌റ്റേജില്‍ നിന്നും തിരിച്ചിറങ്ങുകയായിരുന്നു.
വരത്തൻ എന്ന ചിത്രത്തിലെ പ്രിയ എന്ന കഥാപാത്രമാണ് ഐശ്വര്യക്ക് അവാർഡ് നേടിക്കൊടുത്തത്. ഓഡിയൻസ് വോട്ടിങിലൂടെ തിരഞ്ഞെടുത്ത പുരസ്കാരത്തിൽ മികച്ച ഭൂരിപക്ഷമാണ് ഐശ്വര്യക്ക് ലഭിച്ചത്. വളരെ മിനിമൽ സംഭാഷണങ്ങളിലൂടെ ചെറുപ്പം മുതൽ ഒരു നായിക കടന്നുപോകുന്ന ഈവ് ടീസിങ് പോലുള്ള അവസ്ഥകളുടെ ഭീകരതയെ അതിൻ്റെ തന്മയത്വത്തോടെ പ്രദിപാദിപ്പിക്കാൻ ഐശ്വര്യക്ക് കഴിഞ്ഞു.