72ാമത് കാൻ ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചപ്പോൾ മുതല്‍ ബോളിവുഡിന്‍റെ സൗന്ദര്യറാണി ഐശ്വര്യ റായുടെ റെഡ് കാർപെറ്റ് ലുക്കിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഒടുവില്‍ ആരാധകരെ ആവേശത്തിലാക്കി മകൾ ആരാധ്യയുടെ കൈപിടിച്ച് ഐശ്വര്യ എത്തി, ഒരു മത്സ്യകന്യകയെ പോലെ.
മത്സ്യകന്യകയായി ഐശ്വര്യ റായ്; കാനിലെ ക്യാമറ കണ്ണുകൾ ലോകസുന്ദരിയിലേക്ക് - ഐശ്വര്യ റായ്
ഇത് 18ാം തവണയാണ് കാനിലെ റെഡ് കാർപെറ്റില്‍ ഐശ്വര്യ റായ് ചുവട് വെക്കുന്നത്.

സ്വർണ നിറത്തിലുള്ള മെറ്റാലിക് ഗൗൺ അണിഞ്ഞാണ് ആദ്യ ദിനം ആഷ് ക്യാമറ കണ്ണുകളുടെ മനം കവർന്നത്. തികച്ചും ഒരു മെർമെയ്ഡിനെ അനുസ്മരിപ്പിക്കുന്ന ലുക്കാണ് ജീൻസ്- ലോയിസ് സബാജി ഡിസൈൻ ചെയ്ത ഫിഷ് കട്ട് ഗൗൺ ഐശ്വര്യക്ക് സമ്മാനിച്ചത്. ന്യൂഡ് ലിപ്പ് ഷെയ്ഡും ബോൾഡ് മസ്കാരയുമായിരുന്നു മെർമെയ്ഡ് ലുക്കിന്‍റെ ഹൈലൈറ്റ്. അമ്മയുടെ കോസ്റ്റ്യൂമിന് ഇണങ്ങുന്ന രീതിയിലുള്ള മഞ്ഞ നിറത്തിലുള്ള അസിമെട്രിക്കല്‍ ഫ്രോക്കാണ് മകൾ ആരാധ്യ അണിഞ്ഞത്.
കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ ആദ്യ ദിവസങ്ങളില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, കങ്കണ റണാവത്ത്, ഹുമ ഖുറേഷി, ഡയാന പെന്‍റി എന്നിവരും മനോഹരവും വ്യത്യസ്തവുമായ ലുക്കുകളില്‍ റെഡ് കാർപെറ്റില്‍ മാറ്റുരച്ചിരുന്നു.