ഒമർ ലുലുവിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിൻ്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തുന്നു. സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകരില്‍ പലര്‍ക്കും ക്ലൈമാക്‌സിനോട് പൊരുത്തപ്പെടാനാവുന്നില്ലെന്നും അതിനാല്‍ പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ള മറ്റൊരു ക്ലൈമാക്‌സ് പുതുതായി ഷൂട്ട് ചെയ്‌തെന്നും സംവിധായകന്‍ ഒമര്‍ ലുലു അറിയിച്ചു.
''ക്ലൈമാക്‌സ് മാറ്റുന്നതിനൊപ്പം ചിത്രത്തിന്‍റെ ദൈര്‍ഘ്യം പത്ത് മിനിറ്റ് വെട്ടിക്കുറച്ച് രണ്ടേകാൽ മണിക്കൂറാക്കി''. എഡിറ്റ് ചെയ്ത പതിപ്പിന്‍റെ പശ്ചാത്തല സംഗീതത്തില്‍ ഗോപി സുന്ദറിന്‍റെ പങ്കാളിത്തമുണ്ടാവുമെന്നും ഒമര്‍ ലുലു പറഞ്ഞു. ക്ലൈമാക്‌സ് മാറ്റിയ പതിപ്പ് ബുധനാഴ്ച നൂണ്‍ഷോ മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും.
"ഒരു റിയലിസ്റ്റിക് ക്ലൈമാക്‌സ് ആയിരുന്നു സിനിമയുടേത്. പക്ഷേ അത് നമ്മുടെ പ്രേക്ഷകര്‍ക്ക് താങ്ങാന്‍ പറ്റുന്നില്ല. കുറേ ആളുകള്‍ വിളിച്ചിട്ട് അങ്ങനെ അഭിപ്രായം പറഞ്ഞു. റീഷൂട്ട് ചെയ്യാമെന്നായിരുന്നു നിര്‍മ്മാതാവിൻ്റെയും അഭിപ്രായം." സിനിമയ്ക്ക് ലഭിക്കുന്ന നെഗറ്റീവ് പ്രതികരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് റിലീസിന് മുമ്പേ ഡീഗ്രേഡിംഗ് നേരിട്ട സിനിമയാണിതെന്ന് ഒമറിൻ്റെ മറുപടി. "പ്രിയാ വാര്യരോടുള്ള ദേഷ്യമാണെന്നാണ് തുടക്കം മുതല്‍ ഡീഗ്രേഡ് ചെയ്ത ചിലര്‍ ഇപ്പോള്‍ പറയുന്നത്. അവരാണ് നെഗറ്റീവ് പബ്ലിസിറ്റി കൊടുത്ത ഒരു വിഭാഗം. പക്ഷേ സിനിമ കണ്ടവര്‍ക്കൊക്കെ ഒരുവിധം ഇഷ്ടമായി. പക്ഷേ അവര്‍ക്കും മറ്റുള്ളവര്‍ക്ക് പ്രിഫര്‍ ചെയ്യാന്‍ മടിയുണ്ട്. അതിന് കാരണം ക്ലൈമാക്‌സ് ആണ്. എൻ്റെ ആദ്യ രണ്ട് സിനിമകളിലും കോമഡി മാത്രമാണ് ഉണ്ടായിരുന്നത്. അത്തരം സിനിമകള്‍ ചെയ്ത എന്നില്‍ നിന്ന് ഇത്തരമൊരു ക്ലൈമാക്‌സ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല'', സംവിധായകൻ കൂട്ടിച്ചേർത്തു.
പ്രിയ വാര്യർ, റോഷൻ അബ്ദുൾ, നൂറിൻ ഷെറീഫ് എന്നിവരാണ് ഒരു അഡാർ ലവിൽ പ്രധാന വേഷത്തിലെത്തുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം മാണിക്യ മലരായ പൂവി എന്ന ആദ്യ ഗാനത്തിൻ്റെ റിലീസോടെ തന്നെ ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം റിലീസിനെത്തിയിരുന്നു.