വയനാട്:സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ വിനായകൻ കുറ്റസമ്മതം നടത്തി. വിനായകനെതിരായ യുവതിയുടെ പരാതിയിൽ കൽപ്പറ്റ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നടൻ കുറ്റം സമ്മതിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കേസിന്‍റെ വിചാരണ ഉടനെ തുടങ്ങും.
നടന്‍ വിനായകൻ കുറ്റസമ്മതം നടത്തി; വിചാരണ ഉടൻ തുടങ്ങും - vinayakan's confess in obscene talk
വിനായകനെ വയനാട്ടിലെ ഒരു പരിപാടിയിലേക്ക് ക്ഷണിക്കാൻ വിളിച്ചപ്പോൾ യുവതിയോട് നടൻ അശ്ലീലം സംസാരിച്ചുവെന്നാണ് കേസ്.
കഴിഞ്ഞ ഏപ്രിലിൽ വയനാട്ടിലെ ഒരു പരിപാടിയിലേക്ക് ക്ഷണിക്കാൻ ഫോൺ ചെയ്‌തപ്പോൾ സ്ത്രീത്വത്തെ അപമാനിക്കും വിധം താരം സംസാരിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നും അശ്ലീലം പറഞ്ഞെന്നുമാണ് കേസ്. പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനുമേൽ ചുമത്തിയിരിക്കുന്നത്.
ജൂൺ 20ന് വിനായകൻ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താരത്തിനെ ജാമ്യത്തിൽ വിട്ടു. കല്‌പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. വിനായകൻ യുവതിയോട് മോശമായി സംസാരിച്ചെന്ന് സമ്മതിച്ചതായി കുറ്റപത്രത്തിലുണ്ട്. ഫോണിലൂടെയുള്ള സംഭാഷണം ആയതിനാൽ സൈബർ തെളിവുകൾ അടക്കം ശേഖരിച്ചതിനു ശേഷമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. അടുത്തമാസം കേസിന്‍റെ വിചാരണ തുടങ്ങുമെന്നാണ് സൂചന. അതേസമയം കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്.