കേരളം

kerala

ETV Bharat / sitara

ആമിയും കാർബണും പുറത്താക്കപ്പെടുമ്പോൾ - ആമി

അക്കാദമി ഭാരവാഹികള്‍ അവാര്‍ഡിനായി അപേക്ഷിക്കരുതെന്നാണ് നിയമം. എന്നാല്‍ അംഗങ്ങള്‍ ഭാഗമായ സിനിമകള്‍ അവാര്‍ഡിന് അപേക്ഷിക്കുന്നതില്‍ തെറ്റില്ല എന്നിരിക്കെയാണ് സര്‍ക്കാര്‍ നിർദേശം ‘ആമി’യ്ക്കും ‘കാർബണും’ പ്രതിബന്ധം തീർക്കുന്നത്.

ആമി-കാർബൺ

By

Published : Feb 12, 2019, 6:15 PM IST

ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സംവിധാനം ചെയ്ത ‘ആമി’യും വേണുവിന്‍റെ കാർബണും സംസ്ഥാന ചലച്ചിത്ര അവാർഡില്‍ നിന്നും പിൻവലിക്കണമെന്നാണ് മന്ത്രി എ.കെ ബാലന്‍റെ ഓഫീസില്‍ നിന്നും അക്കാദമിക്ക് ലഭിച്ച നിർദേശം. അക്കാദമി വൈസ്ചെയർപേഴ്സണായ ബീനാപോളായിരുന്നു കാർബണിന്‍റെ എഡിറ്റിങ് നിർവഹിച്ചത്. കമലും ബീനാപോളും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡിന്‍റെ നടത്തിപ്പിന് ഉത്തരവാദിത്വമുള്ള ചലച്ചിത്ര അക്കാദമിയുടെ പ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണ് എന്നതാണ് ഇത്തരമൊരു നിർദേശത്തിന് കാരണം.

ആമി-കാർബൺ

നിരൂപകരും പ്രേക്ഷകരും കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങളിലൊന്നായി ഒരുപോലെ സ്വീകരിച്ച ചിത്രമാണ് വേണുവിന്‍റെ സംവിധാനത്തിൽ എത്തിയ ‘കാർബൺ’. യാഥാർത്ഥ്യങ്ങളും മിഥ്യകളും ഇടകലർന്ന, പല ലെയറുകളുള്ള സിനിമാസ്വാദനം സമ്മാനിച്ച ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു ‘കാർബൺ’. ഫഹദ് ഫാസിലിന്‍റെ ഉജ്ജ്വലമായ അഭിനയത്തിലൂടെ നിരൂപകരുടെ പ്രശംസ നേടിയെടുത്ത ചിത്രം. മികച്ച നടനുള്ള സംസ്ഥാന അവാർഡ് കാർബണിലൂടെ രണ്ടാമതും സ്വന്തമാക്കാനുള്ള സാധ്യതയാണ് ചിത്രം പുറത്താക്കപ്പെടുമ്പോൾ ഫഹദിന് നഷ്ടമാകുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ടെക്നീഷ്യൻമാരായിരുന്നു കാർബണിന്‍റെ പിന്നണിയില്‍ പ്രവർത്തിച്ചത്. വിഖ്യാത ബോളിവുഡ് ക്യാമറാമാന്‍ കെ.യു മോഹനന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയത് ‘കാർബണി’ലൂടെയാണ്. ‘കാർബണി’ലെ മറ്റൊരു പ്രൗഢസാന്നിധ്യം സംഗീതമൊരുക്കിയ വിശാൽ ഭരദ്വാജ് ആണ്. മികവുറ്റ ഈ സിനിമാപ്രവർത്തകർ കൂടിയാണ് ചിത്രത്തിൽ ടെക്നീഷ്യനായി ബീനാപോൾ പ്രവർത്തിച്ചു എന്നതിന്‍റെ പേരിൽ പുറത്തുപോവുന്നത്. ഇത്തരം സാങ്കേതികതകൾ വരുമ്പോൾ സാധാരണ ഒരു വ്യക്തിയെ മാത്രം മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവിടെ ഒരു ചിത്രം മുഴുവനായി മാറ്റിനിർത്തപ്പെടുന്നു എന്നതാണ് ചർച്ചയാവുന്നത്.

കാർബൺ ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും സമ്മിശ്ര പ്രതികരണത്തോടെ വന്ന ചിത്രമായിരുന്നു ‘ആമി’. മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ ഒരുക്കിയ ചിത്രം മഞ്ജു വാര്യരുടെയും അഭിനയ ജീവിതത്തിലെ നിർണായകമായ വേഷങ്ങളിലൊന്നായിരുന്നു. അവാർഡ് നിർണയത്തിൽ പരിഗണിക്കപ്പെടാൻ സാധ്യതയുള്ള ഒരു കഥാപാത്രം കൂടിയായിരുന്നു മഞ്ജുവാര്യരുടെ ‘ആമി’. ഒപ്പം സിനിമ നിരൂപണം ചെയ്യപ്പെട്ടപ്പോൾ തന്നെ എടുത്ത് പറയപ്പെട്ട ഒന്നായിരുന്നു ചിത്രത്തിന്‍റെ സംഗീതം. ശ്രേയാ ഘോഷാൽ, റഫീക്ക് അഹമ്മദ്, എം ജയചന്ദ്രൻ എന്നിവരുടെ മികവ് രേഖപ്പെടുത്തിയ പാട്ടുകൾ കൂടിയായിരുന്നു ‘ആമി’യിലേത്.


ABOUT THE AUTHOR

...view details