പനാജി: കടല്‍ക്കാറ്റിനൊപ്പം അഭ്രപാളിയുടെ രസതന്ത്രവും ചേര്‍ത്തുവച്ച് 50ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള നവംബര്‍ 20ന് തുടങ്ങും. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോസവത്തിന്‍റെ തീയതി വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കറാണ് അറിയിച്ചത്. റഷ്യയുടെ പങ്കാളിത്തത്തോടെയാണ് ഇത്തവണ മേള നടക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി ഏതാണ്ട് ഇരുപത്തിയാറ് ഫീച്ചര്‍ സിനിമകളും പതിനഞ്ചോളം നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്നും ജാവഡേക്കര്‍ പറഞ്ഞു. മേളയുടെ അമ്പതാം വാര്‍ഷികത്തിന്‍റ ഭാഗമായി അമ്പത് വര്‍ഷം മുമ്പ് വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത പന്ത്രണ്ട് ചിത്രങ്ങളും ഇക്കുറിയുണ്ടാകും.
ദാദാ ഫാല്‍ക്കെ അവാര്‍ഡ് നേടിയ അമിതാഭ് ബച്ചന്‍റെ എട്ട് ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഗുജറാത്തി ചിത്രം ഹെല്ലാരുവായിരിക്കും ഉദ്ഘാടനചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ആശിഷ് പാണ്‌ഡെയുടെ നൂറെയാണ് ഉദ്ഘാടനചിത്രം. സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചര്‍ സിനിമാ വിഭാഗത്തിലെ ജൂറി ചെയര്‍മാന്‍. രാജേന്ദ്ര ജാഗ്ലേയാണ് നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ ജൂറി അധ്യക്ഷന്‍.
ശക്തമായ സാന്നിധ്യവുമായി മലയാള സിനിമ
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മൂന്ന് മലയാള സിനിമകളാണ് ഇത്തവണ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, മനു അശോകൻ സംവിധാനം ചെയ്ത ഉയരെ, ടികെ രാജീവ് സംവിധാനം ചെയ്ത കോളാമ്പി എന്നീ സിനിമകളാണ് ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുള്ള രാജീവ് ആറ് വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് 'കോളാമ്പി'. നിത്യാ മേനോനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.