നടി ശ്രുതി ഹാസനും ലണ്ടനില്‍ തിയേറ്റർ ആർട്ടിസ്റ്റായ മൈക്കിൾ കൊർസലെയും വിവാഹിതരാകുന്നു എന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് തങ്ങൾ വേർപിരിയുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മൈക്കിൾ കൊർസലോ.
തന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മൈക്കിൾ വാർത്ത പുറത്ത് വിട്ടത്. ''ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നാലും ഇവൾ എനിക്ക് എന്നും പ്രിയപ്പെട്ടവളായിരിക്കും'', മൈക്കിൾ ട്വീറ്റ് ചെയ്തു.
ശ്രുതിയും വേർപിരിയല്‍ വാർത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ''വീണ്ടും തുടങ്ങുന്നു. ഒരു പുതിയ ഘട്ടം, എല്ലാ സ്‌നേഹത്തിനും വെളിച്ചത്തിനും പാഠങ്ങള്‍ക്കും നന്ദി. കൂടുതല്‍ സംഗീതം, കൂടുതല്‍ സിനിമകള്‍, കൂടുതല്‍ ഞാന്‍. എനിക്കൊപ്പം എന്നത് തന്നെയാണ് എന്‍റെ എക്കാലത്തേയും വലിയ പ്രണയകഥ,” ശ്രുതി കുറിച്ചു. കൂടാതെ തന്‍റെ ഇൻസ്റ്റഗ്രാമില്‍ മൈക്കിളിനൊപ്പമുള്ള ചിത്രങ്ങളും ശ്രുതി ഡിലീറ്റ് ചെയ്തു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് വിവാഹ വാർത്തകൾക്ക് പ്രതികരണവുമായി ശ്രുതി രംഗത്തെത്തിയിരുന്നു. തനിക്ക് വിവാഹം കഴിക്കാൻ ധൃതിയില്ലെന്നും ഇപ്പോൾ അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് ശ്രുതി പറഞ്ഞത്.