കേരളം

kerala

ETV Bharat / sitara

കിങ് ഖാന്‍റെ പുതിയചിത്രം ആര്‍ക്കൊപ്പം..? പ്രഖ്യാപനം കാത്ത് ആരാധകര്‍ - സംവിധായകന്‍ വെട്രിമാരന്‍

സംവിധായകരായ ആറ്റ്ലി, വെട്രിമാരന്‍ എന്നിവരില്‍ ഒരാള്‍ക്കൊപ്പം ഉടന്‍ തന്നെ ഷാരൂഖ് ഖാന്‍ പുതിയ പ്രൊജക്ട് ആരംഭിക്കുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്

കിങ് ഖാന്‍റെ മടങ്ങിവരവ് ആര്‍ക്കൊപ്പമായിരിക്കും..? പ്രഖ്യാപനം കാത്ത് ആരാധകര്‍

By

Published : Nov 3, 2019, 8:44 PM IST

ആനന്ദ് എല്‍ റോയ് ചിത്രം സീറോക്ക് ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. താരത്തിന്‍റെ മടങ്ങിവരവ് ഉടനുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം തമിഴിലെ രണ്ട് സംവിധായകരുടെ പേരും കേള്‍ക്കുന്നുണ്ട്. അതില്‍ ഒന്ന് തമിഴകത്തിന്‍റെ യുവ സംവിധായകന്‍ ആറ്റ്ലിയുടെയും മറ്റൊന്ന് റിയലിസ്റ്റിക് സിനിമകളിലൂടെ കഴിവ് തെളിയിച്ച സംവിധായകന്‍ വെട്രിമാരന്‍റേതുമാണ്. കാരണം ഇരുവരും ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ആറ്റ്ലിക്കൊപ്പം ഷാരൂഖ് പുതിയ സിനിമ ചെയ്യാനൊരുങ്ങുന്നുവെന്നായിരുന്നു ഷാരൂഖിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ഇപ്പോള്‍ വെട്രിമാരനൊപ്പം താരം സിനിമ ചെയ്യാന്‍ തയ്യാറെടുക്കുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്.

വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ധനുഷ് ചിത്രം വട ചെന്നൈയ്ക്ക് ശേഷം വെട്രിമാരന്‍ ഒരുക്കിയ അസുരന്‍ വന്‍ വിജയമായിരുന്നു. ധനുഷും, മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യറും ആയിരുന്നു കേന്ദ്രകഥാപാത്രങ്ങളായത്. ഷാരൂഖ് ഖാന്‍ അസുരന്‍ കണ്ടതായും ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നതിന് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചുവെന്നുമുള്ള തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇതില്‍ സ്ഥിരീകരണം വന്നിട്ടില്ല. നിലവില്‍ അസുരന്‍ തെലുങ്കില്‍ റീമേക്കിനൊരുങ്ങുകയാണ്. ധനുഷിന്‍റെ വേഷം തെലുങ്കില്‍ ചെയ്യുന്നത് നടന്‍ വെങ്കിടേഷാണ്.

ഷാരൂഖിന്‍റെ പിറന്നാള്‍ ദിനമായ നവംബര്‍ രണ്ടിന് പുതിയ ചിത്രത്തെ കുറിച്ച് എന്തെങ്കിലും സൂചനകളോ സര്‍പ്രൈസുകളോ താരം തരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അങ്ങനൊന്നും സംഭവിച്ചില്ല. ട്വിറ്ററില്‍ വെട്രിമാരനൊപ്പം ഷാരൂഖ് നില്‍ക്കുന്ന ചിത്രവും, ആറ്റ്ലിക്കൊപ്പം ഷാരൂഖ് നില്‍ക്കുന്ന ചിത്രവും വൈറലായതോടെ ആരാധകരും ആകാംഷയിലാണ്. ആര്‍ക്കൊപ്പമാകും കിങ് ഖാന്‍റെ മടങ്ങിവരവ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വ്യത്യസ്തമായ കഥാതന്തുവുമായി എത്തിയ ഷാരൂഖ് ചിത്രം സീറോ ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.

ABOUT THE AUTHOR

...view details