മനോജ് ബാജ്‌പേയിയുടെ ദി ഫാമിലി മാൻ 2ന്‍റെ ട്രെയിലർ പുറത്തുവിട്ടതിന് പിന്നാലെ സീരീസ് തമിഴ് വിരുദ്ധ ഉള്ളടക്കമുള്ളതാണെന്നും തമിഴരെ ക്രൂരരായി അവതരിപ്പിച്ചിരിക്കുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു. തമിഴരെ നീചരായി കാണിച്ചിരിക്കുന്നുവെന്നും എൽടിടിഇയെ തീവ്രവാദികളായി ചിത്രീകരിച്ചിരിക്കുകയാണെന്നും ആരോപിച്ച് സീരീസ് പിൻവലിക്കണമെന്ന ആവശ്യവുമായി 'നാം തമിലർ കച്ചി' സ്ഥാപകൻ സീമാൻ രംഗത്തെത്തിയിരുന്നു. ദി ഫാമിലി മാൻ രണ്ടാം ഭാഗത്തിൽ ചെന്നൈ പശ്ചാത്തലമായത് യാദൃശ്ചികമായല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ട്രെയിലർ പുറത്തിറങ്ങിയതു മുതൽ സീരീസ് ബഹിഷ്കരിക്കണമെന്നും പിൻവലിക്കണമെന്നും ആരോപണങ്ങൾ ഉയരുന്നതിനിടെ ദി ഫാമിലി മാൻ 2നെ പിന്തുണച്ചും നിരവധി പേർ പ്രതികരിക്കുന്നുണ്ട്. 'വീ ലവ് ഫാമിലിമാൻ' എന്ന ഹാഷ് ടാഗിലാണ് ആരോപണങ്ങൾക്കെതിരെ പ്രതികരണം നിറയുന്നത്. സീരീസിനെ പിന്തുണക്കുന്നവർക്ക് മനോജ് ബാജ്‌പേയി നന്ദി പറഞ്ഞു. 'വീ ലവ് ഫാമിലിമാൻ' ഇപ്പോൾ ട്രെന്‍റിങ്ങിലാണെന്നും ഇത്രയുമധികം സ്നേഹത്തിന് എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മനോജ് ബാജ്പേയി ട്വീറ്റ് ചെയ്തു.