ഗുണ്ടാനേതാവ് വേദയായി വിജയ് സേതുപതിയും എതിർമുഖത്ത് വിക്രം എന്ന പൊലീസ് ഉദ്യോഗസ്ഥനായി മാധവനും വേഷമിട്ട വിക്രം വേദ തെന്നിന്ത്യ മുഴുവൻ ഹിറ്റായ തമിഴ് ചിത്രമാണ്.
നാല് വർഷങ്ങൾക്ക് ശേഷം സിനിമ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ആമിർ ഖാൻ ഉൾപ്പെടെയുള്ളവരെ താരനിരയിലേക്ക് പരിഗണിച്ചിരുന്നു. വിക്രമായി സെയ്‌ഫ് അലി ഖാനും വേദയുടെ വേഷത്തിൽ ഹൃത്വിക്ക് റോഷനും എത്തുമെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ, താരങ്ങളെ സംബന്ധിച്ച് അണിയറപ്രവർത്തകർ സ്ഥിരീകരണം നൽകിയിരുന്നില്ല.
വിക്രം വേദ ഹിന്ദിയിൽ ഹൃത്വിക്കും സെയ്‌ഫും നേർക്കുനേർ
ഇപ്പോഴിതാ, മാധവനും വിജയ് സേതുപതിയും കരുത്തുറ്റ പ്രകടനം കാഴ്‌ചവച്ച വിക്രം വേദയുടെ ഹിന്ദി പതിപ്പിന്‍റെ നായകന്മാരെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ. സെയ്‌ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ് ബോളിവുഡ് ചിത്രത്തിൽ കേന്ദ്ര താരങ്ങളാകുന്നതെന്ന് നിർമാതാക്കൾ അറിയിച്ചു.
തമിഴ് ചിത്രത്തിന്‍റെ സംവിധായകരായ പുഷ്‌കര്‍, ഗായത്രി എന്നിവരാണ് ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണം നിർമാണം വൈകിയ സിനിമ, ഷൂട്ടിങ് പൂർത്തിയാക്കി 2022 സെപ്‌തംബർ 30ന് തന്നെ തിയറ്ററിലെത്തിക്കാനാണ് നിർമാതാക്കൾ തീരുമാനിച്ചിട്ടുള്ളത്. ജൂലൈ പകുതിയോടെ ചിത്രം നിർമാണത്തിലേക്ക് കടക്കും.
More Read: ആമിര്‍ ഖാനല്ല, വിക്രം വേദയില്‍ ഹൃത്വിക്ക് റോഷനും സെയ്‌ഫ് അലി ഖാനും
അതേ സമയം, ഹൃത്വിക് റോഷന്‍റേതായി ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം ദീപിക പദുകോൺ നായികയാവുന്ന ഫൈറ്ററാണ്. ഇരുവരും ഇതാദ്യമായാണ് ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇന്ത്യയിലെ ആദ്യ ഏരിയൽ ആക്ഷൻ ഫ്രാഞ്ചൈസി ചിത്രം കൂടിയാണിത്. പവൻ കൃപാലിനി സംവിധാനം ചെയ്ത ഭൂത് ആണ് സെയ്‌ഫ് അലി ഖാന്‍റെ പുതിയ ചിത്രം. അർജുൻ കപൂർ, ജാക്വിലിൻ ഫെർണാണ്ടസ്, യാമി ഗൗതം എന്നിവരും ഭൂതിൽ പ്രധാന താരങ്ങളാകുന്നു.