ആമിർ ഖാന്‍റെ ലാൽ സിംഗ് ഛദ്ദയിൽ നിന്ന് വിജയ് സേതുപതി പുറത്തായെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. താരത്തിന് തടി കൂടുതലാണെന്നും ഈ ലുക്കിൽ ആമിർ ഖാൻ സംതൃപ്‌തനല്ലെന്നുമുള്ള കാരണത്താലാണ് വിജയ് സേതുപതി ബോളിവുഡ് സിനിമയുടെ അഭിനയ നിരയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ പ്രചരിച്ചത്. എന്നാൽ, താനും ആമിർ ഖാനും തമ്മിൽ നല്ല ബന്ധമാണെന്നും തനിക്ക് അഞ്ച് തെലുങ്ക് ചിത്രങ്ങൾ പൂർത്തിയാക്കാനുള്ളതിനാൽ ലാൽ സിംഗ് ഛദ്ദയില്‍ നിന്ന് പിൻവാങ്ങിയെന്നും വിജയ് സേതുപതി പറഞ്ഞു.
ലാൽ സിംഗ് ഛദ്ദയിൽ ആമിറിന്‍റെ കൂട്ടുകാരനായ തമിഴ് പട്ടാളക്കാരന്‍റെ വേഷം ചെയ്യാനായിരുന്നു വിജയ് സേതുപതിയെ നിശ്ചയിച്ചിരുന്നത്. താരത്തിന്‍റെ വണ്ണം കുറക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സേതുപതി സിനിമയിൽ നിന്ന് പിൻവാങ്ങിയതെന്നും വാർത്തകൾ ഉയർന്നു. എന്നാൽ, സ്വന്തം ശരീരത്തോടും മനസിനോടും താൻ സംതൃപ്‌തനാണെന്നും താൻ ഏത് സിനിമ ചെയ്‌താലും അതിനനുസരിച്ച് ശരീരവും പ്രവർത്തിക്കുമെന്നും മക്കൾ സെൽവൻ വിശദമാക്കി.