കൊവിഡ് 19ന്‍റെ വ്യാപനം വര്‍ധിച്ചതോടെ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറസ് പടരുന്നതിന്‍റെ തോത് കുറക്കുകയാണ് ലോക് ഡൗണ്‍ ലക്ഷ്യമിടുന്നത്. ലോക് ഡൗണ്‍ മൂലം ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്നത് ദിവസവേതനത്തിന് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളാണ്. അവശ്യമായ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിന് പോലും പലരും ബുദ്ധിമുട്ടുകയാണ്. വരുമാനം ഒറ്റരാത്രികൊണ്ട് നിലച്ചപ്പോള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ വിഭാഗം.
ആരും പട്ടിണിയിലാകരുത്, നമുക്ക് സഹായിക്കാം: വിദ്യാ ബാലന്‍
പട്ടിണിയിലാകുന്നവര്‍ക്ക് 'റൊട്ടിബാങ്ക്' വഴി ഭക്ഷണം നല്‍കാന്‍ എല്ലാവരും തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കണമെന്നാണ് നടി വിദ്യാ ബാലന്‍ ആവശ്യപ്പെടുന്നത്
ബോളിവുഡ് താരം വിദ്യാ ബാലന്‍ ഇപ്പോള്‍ പട്ടിണിയിലാകുന്നവരെ സഹായിക്കാണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. 'എല്ലാവര്‍ക്കും അറിയുന്നതുപോലെ കൊറോണ വൈറസ് മൂലം ലോകം വല്ലാത്ത പ്രതിസന്ധിയിലാണ്... ഇന്ത്യയില്‍ തന്നെ എത്ര പേരാണ് പട്ടിണിയിലാകുക... നമുക്ക് ചുറ്റും നിത്യവരുമാനക്കാരായ ഒട്ടേറെപ്പേരുണ്ട്... അവര്‍ക്ക് ഭക്ഷണം ഇല്ലാത്ത അവസ്ഥയാണ്. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് റൊട്ടിബാങ്ക് സഹായവുമായി എത്തുന്നത്. ഒരു ദിവസം അയ്യായിരം മുതല്‍ ആറായിരം വരെ ആള്‍ക്കാര്‍ക്ക് ഭക്ഷണം നല്‍കാനാണ് റൊട്ടിബാങ്ക് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഓരോരുത്തര്‍ക്കും സഹായം നല്‍കാം. പാചകം ചെയ്യാത്ത ധാന്യങ്ങളും മറ്റും നിങ്ങള്‍ക്ക് നല്‍കാം. റൊട്ടിബാങ്ക് കിച്ചണില്‍ അവ പാചകം ചെയ്‍ത് അത് നഗരത്തിലെ എല്ലായിടത്തും എത്തിക്കും...' വിദ്യാ ബാലന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.
വിവിധ ഭാഷകളിലുള്ള നിരവധി താരങ്ങള്‍ ലോക്ക് ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.