വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം ഷെരാനിയുടെ ചിത്രീകരണം മധ്യപ്രേദശില്‍ കഴിഞ്ഞ ഒരു മാസക്കാലത്തോളമായി നടന്നുവരികയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം സിനിമയുടെ ഷൂട്ടിങ് വനംവകുപ്പ് തടഞ്ഞുവെന്നാണ് ആരോപണം. മധ്യപ്രദേശിലെ പ്രവാസി കാര്യമന്ത്രി വിജയ് ഷായാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. മന്ത്രി കഴിഞ്ഞ ദിവസം നടി വിദ്യാ ബാലനെ അത്താഴ വിരുന്നിന് ക്ഷണിച്ചിരുന്നുവത്രെ. നടി അത് നിരസിച്ചതിലുള്ള നീരസമാണ് ചിത്രീകരണം തടയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
സിനിമയുടെ ചില രംഗങ്ങള്‍ വനത്തിലാണ് ചിത്രീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിങിന് ബാലാഘട്ടിലെത്തിയ സിനിമാ സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. വനമേഖലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ രണ്ട് വാഹനങ്ങള്‍ക്ക് മാത്രം അനുമതി നല്‍കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ സിനിമാ ചിത്രീകരണം ഒഴിവാക്കി സംഘം മടങ്ങി.
എന്നാല്‍ ആരോപണം മന്ത്രി വിജയ് ഷാ തള്ളി. 'ഞാന്‍ ബാലാഘട്ടിലുണ്ടായിരുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ വരണമെന്ന് എന്നെ ക്ഷണിച്ചു. സമയം ഇല്ലാത്തതിനാല്‍ ക്ഷണം ഞാന്‍ നിരസിക്കുകയാണുണ്ടായത്...' മഹാരാഷ്ട്രയില്‍ വെച്ച് അവരെ കാണുമെന്നും സംഭവത്തില്‍ മന്ത്രി പ്രതികരിച്ചു.
മാര്‍ച്ചില്‍ കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് ഷൂട്ടിങ് സെറ്റില്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം പൂജ നടത്തുന്ന വിദ്യാ ബാലന്‍റെ ചിത്രങ്ങള്‍ വൈറലായിരുന്നു. അമിത് മസൂക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയുടെ റോളിലാണ് വിദ്യാ ബാലന്‍ എത്തുന്നത്. ഫെബ്രുവരിയില്‍ ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വിദ്യാ ബാലന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ശകുന്തള ദേവിയാണ് അവസാനമായി പുറത്തിറങ്ങിയ വിദ്യാ ബാലന്‍ ചിത്രം. കൊവിഡിനെ തുടര്‍ന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്‌തത്.