ബോളിവുഡില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച ഒന്നാണ് യുവനടന്‍ സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണം. താരത്തിന്‍റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ. അന്വേഷണം പുരോഗമിക്കുകയാണ്. സുശാന്തിന്‍റെ കാമുകി റിയ ചക്രബര്‍ത്തിയാണ് ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളത്. മോഡല്‍ കൂടിയായ റിയയെ നിരവധി തവണ സിബിഐ ചോദ്യം ചെയ്തിരുന്നു. സുശാന്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ ഹാഷ്ടാഗ് ഉപയോഗിച്ചടക്കം വലിയ ക്യാമ്പയിനുകളും നടക്കുന്നുണ്ട്. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി വിദ്യാ ബാലന്‍. സുശാന്തിന്‍റെ മരണത്തിന്‍റെ പേരില്‍ റിയാ ചക്രബര്‍ത്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് വേദനാജനകമാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിദ്യാബാലന്‍.
സുശാന്തിന്‍റെ മരണം മാധ്യമസര്‍ക്കസായി, റിയയെ അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകം: വിദ്യാബാലന്‍ - സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണം
അകാലത്തിലുളള സുശാന്തിന്‍റെ വിയോഗം ഇപ്പോള്‍ ഒരു മാധ്യമ സര്‍ക്കസായി മാറിയെന്നത് ദൗര്‍ഭാഗ്യകരമാണ്. റിയയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ വേദനയുണ്ടെന്നും കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാള്‍ നിരപരാധിയാണെന്നും വിദ്യ ബാലന്‍
അകാലത്തിലുളള സുശാന്തിന്‍റെ വിയോഗം ഇപ്പോള്‍ ഒരു മാധ്യമ സര്‍ക്കസായി മാറിയെന്നത് ദൗര്‍ഭാഗ്യകരമാണെന്നാണ് വിദ്യാബാലന്‍ ട്വിറ്ററില്‍ കുറിച്ചത്. റിയയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ വേദനയുണ്ടെന്നും കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാള്‍ നിരപരാധിയാണെന്നും വിദ്യ ബാലന്‍ കുറിച്ചു. ഒരു പൗരന്‍റെ ഭരണഘടനാപരമായ അവകാശങ്ങളോട് നമുക്ക് കുറച്ച് ബഹുമാനം കാണിക്കാമെന്നും നിയമം അതിന്‍റെ വഴിക്ക് തീരുമാനം എടുക്കട്ടെയെന്നും വിദ്യാ ബാലന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടി ലക്ഷ്മി മഞ്ചുവും റിയാ ചക്രബര്‍ത്തിക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ വിദ്യാ ബാലന്‍ പ്രതികരിച്ചത്. പോസ്റ്റിട്ടതിന് പിന്നാലെ നിരവധി പേര്‍ വിദ്യാബാലനെ വിമര്‍ശിക്കുകയും ചിലര്‍ അനുകൂലിച്ചും രംഗത്തെത്തി. കുറ്റക്കാരനെ സംരക്ഷിക്കുന്ന പ്രസ്താവനയാണ് വിദ്യാബാലന്‍ നടത്തിയതെന്നായിരുന്നു ചിലര്‍ പറഞ്ഞത്.