ജയ്പൂര്‍ (രാജസ്ഥാന്) :മറ്റൊരു താര വിവാഹത്തിനൊരുങ്ങി ബോളിവുഡ്. ബോളിവുഡ് താര ജോഡികളായ വിക്കി കൗശല്‍ -കത്രീന കെയ്ഫ് വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡ് ലോകത്തെ ചര്‍ച്ച. ബോളിവുഡ് ലോകത്ത് മാത്രമല്ല, ആരാധകര്‍ക്കിടയിലും ചര്‍ച്ചയായിരിക്കുകയാണ് ഈ താര ജോഡികളുടെ വിവാഹം.
സോഷ്യല്‍ മീഡിയയിലടക്കം വാര്‍ത്താ മാധ്യമങ്ങളിലും ഇരുവരുടെയും വിവാഹ വാര്‍ത്തകളാണ് അടുത്ത കുറച്ചു ദിവസങ്ങളായി നിറഞ്ഞു നില്‍ക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.
Vicky Katrina wedding ceremonies: സവായ് മധോപൂരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയില്‍ വച്ചാണ് വിവാഹം നടക്കുക. ഡിസംബര്‍ ഒണ്‍പതിന് നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. ഡിസംബര്‍ ഏഴ് മുതല്‍ ഒൻപത് വരെ മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന വിവാഹ ചടങ്ങുകള്‍ക്കാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്.
വിവാഹത്തിന് മുന്നോടിയായി രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംഗീത്, മെഹന്ദി തുടങ്ങിയ ആഘോഷങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ചയാണ് ഇരുവരുടെയും വിവാഹം നടക്കുക. ഇന്ന് രാത്രി സംഗീത വിരുന്നോടെ വിവാഹ ആഘോഷങ്ങള്‍ക്ക് തിരിതെളിയും. ശേഷം നാളെ രാവിലെ 11 മണിക്ക് ഹല്‍ദി ആഘോഷ ചടങ്ങും നടക്കും. തുടര്‍ന്ന് ഡിസംബര്‍ ഒൻപതിന് സെഹ്രബന്ധി ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും.
Sehra Bandi ceremony : പൂക്കള്‍ കൊണ്ടോ അലങ്കാര വസ്തുക്കള്‍ കൊണ്ടോ വരന്റെ മുഖം മറയ്ക്കുന്ന ചടങ്ങാണ് സെഹ്രബന്ധി. മുഖം മറയുന്ന തരത്തില്‍ ഒരുപാട് ലെയറുകളിലായി പൂക്കളാലോ അലങ്കാര വസ്തുക്കളാലോ നിര്‍മ്മിതമായ ഗാര്‍ലന്‍ഡ് വരന്റെ തലപ്പാവില്‍ തിരുകിവെയ്ക്കും. തലപ്പാവ് മുതല്‍ വരന്റെ കഴുത്തിന് താഴെവരെ അത് മറഞ്ഞു കിടക്കും. വരന്റെ ജ്യേഷ്ഠത്തി (ഭാബി) യാണ് ഈ ചടങ്ങ് ചെയ്യുക. ശേഷം ജ്യേഷ്ഠത്തി വരന് ഐലൈനര്‍ എഴുതും. ഇങ്ങനെ ചെയ്യുന്നതിലൂടെ ദുഷ്ട ശക്തികളില്‍ നിന്നും ഒരു ആപത്തും ഉണ്ടാകില്ലെന്നാണ് ഇവരുടെ വിശ്വാസം. തുടര്‍ന്ന് വരന് മനോഹരമായ വിലപ്പിടിപ്പുള്ള സമ്മാനം നല്‍കും.
കുതിരപ്പുറത്ത് വളരെ പരമ്പരാഗത രീതിയിലാണ് വിക്കി വിവാഹ വേദിയിലെത്തുക. വിവാഹ ചടങ്ങിന്റെ ദിവസം ഏഴ് വെള്ളക്കുതിരകളെ വിക്കിയുടെ 'ഗ്രാന്‍ഡ് എന്‍ട്രിക്കായി' തെരഞ്ഞെടുക്കും. വധൂവരന്മാര്ക്ക് വേണ്ടി പ്രത്യേകമായി ഒരു രാജകീയ മണ്ഡപം രൂപകല്‍പ്പന ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.