'ഇത്രയും വേറിട്ട രീതിയില്‍ ഒരു ദുഃഖരംഗം അഭിനയിക്കാന്‍ മറ്റാര്‍ക്കാകും... കട്ട് പറയാന്‍ പോലുമാകാതെ ഞാന്‍ നിന്നു... യൂണിറ്റ് ഒന്നടങ്കം അമ്പരന്നാണ് ആ രംഗങ്ങള്‍ കണ്ടുനിന്നത്. ഒരു കുഞ്ഞിന്‍റെ ജനനം പോലെയാണ് അയാള്‍ക്ക് അഭിനയം. ആക്ഷന്‍ പറഞ്ഞാലുടനെ അയാള്‍ കഥാപാത്രമാകുകയായി... സംഭാഷണങ്ങളില്ലാത്ത രംഗങ്ങളിലാണെങ്കില്‍ വാക്കുകളിലൂടെ പറഞ്ഞറിയിക്കാനാവുന്നതിനുമപ്പുറം അയാള്‍ക്ക് ഭാവപ്രസരണത്തിലൂടെ സാധ്യമാക്കാനാകുന്നു... വൈവിധ്യമാണ് അയാളുടെ മുഖമുദ്ര...' പുന്നകൈ മന്നന്‍റെ ക്ലൈമാക്‌സ് രംഗത്തിലെ കമല്‍ഹാസന്‍റെ പ്രകടനത്തെക്കുറിച്ച് സംവിധായകന്‍ കെ.ബാലചന്ദര്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്.... കഴിഞ്ഞ അരനൂറ്റാണ്ടായി കല എന്ന മാധ്യമത്തിലൂടെ കമല്‍ഹാസനെന്ന ബഹുമുഖ പ്രതിഭ നമ്മെ വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അഭിനേതാവ് എന്നതിലുപരി എഴുത്തുകാരനും ഗാനരചയിതാവും ഗായകനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയാണ് അദ്ദേഹം.
തമിഴ്‌നാടിന്‍റെ തെക്ക് കിഴക്കുള്ള രാമനാഥപുരം ജില്ലയിലെ പരമക്കുടിയിൽ നിന്നാണ് കമലഹാസന്‍റെ കുടുംബം ചെന്നൈയിൽ എത്തിയത്. അഭിഭാഷകനായ ടി.ശ്രീനിവാസന്‍റെയും ഭാര്യ രാജലക്ഷ്‌മി അമ്മാളുടെയും നാല് മക്കളില്‍ ഒരാളായി 1954ല്‍ ജനനം. 1960ൽ ജെമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്‍റെ 'കളത്തൂർ കണ്ണമ്മ' ചിത്രത്തിലൂടെ ആറാം വയസിൽ കമലഹാസൻ ചലച്ചിത്ര രംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്‌ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി. തുടർന്ന് 1960 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ 'കണ്ണും കരളും' എന്ന ഒരു മലയാളം ചലച്ചിത്രം ഉൾപ്പടെ അഞ്ച് ചിത്രങ്ങളിൽ കമൽ ബലതാരമായി അഭിനയിച്ചു. കമലഹാസൻ തികച്ചും യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിയത്. അതിന് നിമിത്തമായത് കുടുംബ ഡോക്ടറായ സാറാ രാമചന്ദ്രനും എ.വി.എം സ്റ്റുഡിയോ ഉടമ മെയ്യപ്പ ചെട്ടിയാരുമായിരുന്നു.
1963ന് ശേഷം പഠനത്തിനായി കമൽ ചലച്ചിത്രങ്ങളിൽ നിന്ന് വിട്ടുനിന്നു. പിന്നീട് 1972ൽ മന്നവൻ എന്ന ചിത്രത്തിൽ സഹനടനായി തിരിച്ചുവരവ് നടത്തി. തുടർന്ന് പരുവകാലം, ഗുമസ്‌താവിൻ മകൻ എന്ന സിനിമകൾ ചെയ്‌തു. കെ.ബാലചന്ദറിന്‍റെ 'നാൻ അവനില്ലെ' എന്ന ചിത്രത്തിൽ ജെമിനി ഗണേശനോടൊപ്പം അഭിനയിക്കാനും കമലിന് അവസരം കിട്ടി. ഈ കാലഘട്ടത്തിലാണ് കന്യാകുമാരി, വിഷ്ണുവിജയം എന്നീ മലയാള ചിത്രങ്ങളില്‍ കമല്‍ അഭിനയിച്ചത്. കമല്‍ഹാസന് ഏറ്റവും മികച്ച ചിത്രങ്ങള്‍ നല്‍കിയത് സംവിധായകന്‍ കെ.ബാലചന്ദറാണ്.
ശൊല്ലത്താന്‍ നിനക്കേറിലെ വില്ലന്‍, ആന്‍റിഹീറോ പ്രതിച്ഛായയുള്ള നാന്‍ അവനില്ലെയിലെ നായകന്‍, വിധവയില്‍ അനുരക്തനാവുന്ന അവള്‍ ഒരു തൊടര്‍ക്കഥയിലെ യുവാവ്, തന്നേക്കാള്‍ പ്രായമുള്ള സ്ത്രീയെ പ്രണയിക്കുന്ന അപൂര്‍വരാഗങ്ങളിലെ ചെറുപ്പക്കാരന്‍, തുടങ്ങി നിരവധി മികച്ച കഥാപാത്രങ്ങള്‍ ബാലചന്ദര്‍ കമലിന് നല്‍കി. മരിയപുസോയുടെ ഗോഡ്‌ഫാദറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മണിരത്നം സംവിധാനം ചെയ്‌ത നായകന്‍ കമല്‍ എന്ന നടന്‍റെ കരിയറിലെ വഴിത്തിരിവായിരുന്നു. വെറുമൊരു അധോലോക നായകനോ ഗുണ്ടയോയായി മാറേണ്ട ഒരു കഥാപാത്രത്തെ മണിരത്നവും കമലും ചേര്‍ന്ന് മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. വേലുനായ്ക്കനെ കമല്‍ അനശ്വരമാക്കി. മൂന്‍ട്രാം പിറൈയില്‍ ഓര്‍മ നഷ്ടപ്പെട്ട നായികയുടെ ഓര്‍മ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന സ്‌കൂള്‍ അധ്യാപകനും അവ്വൈഷണ്‍മുഖിയിലെ സ്ത്രീവേഷവും ഭാരതിരാജയുടെ പതിനാറ് വയതിനിലെ മാനസികാസ്വാസ്ഥ്യമുള്ള മുടന്തനായ യുവാവും സിഗപ്പ് റോജാക്കളിലെ സൈക്കോപ്പാത്തായ കൊലയാളിയും സാഗര സംഗമത്തിലെ മധ്യപാനിയായ നര്‍ത്തകനും ഒക്കെ കമലിന്‍റെ പ്രതിഭയെ കാണിച്ചുതന്ന സിനിമകളായിരുന്നു.