കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഹിന്ദി ചലച്ചിത്രമേഖലയും സജീവ പ്രവർത്തനങ്ങളുമായി മുന്നിലുണ്ട്. കൊവിഡിനെതിരെയുള്ള മുൻകരുതലുകളും വാക്സിനേഷനുള്ള നിർദേശങ്ങളുമായും താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുന്നു. ഇപ്പോഴിതാ, കൊവിഡിൽ നിന്ന് നാം തുടർന്നുള്ള ജീവിതത്തിലേക്ക് എന്ത് പാഠമാണ് പഠിക്കേണ്ടതെന്ന് വ്യക്തമാക്കുകയാണ് ബോളിവുഡ് നടൻ വരുൺ ധവാൻ.
“നാമെല്ലാവരും (കൊവിഡിനെ) അതിജീവിക്കുകയാണെങ്കിൽ, നമ്മൾ പ്രതീക്ഷിച്ച പോലെ കൊവിഡ് കുറയുകയാണെങ്കിൽ, അത് ഭൂമിക്കോ ആയുധങ്ങൾക്കോ വീടിനോ ആഭരണങ്ങൾക്കോ വേണ്ടി പോരാടിയിട്ടില്ല എന്ന് മനസിലാക്കണം. മേളകളുടെ ടിക്കറ്റുകൾക്കോ ആഢംബര പദവികൾക്കോ മതങ്ങൾക്കോ രാഷ്ട്രീയത്തിനോ വേണ്ടി നമ്മൾ പോരാടിയിട്ടില്ല. ഒരു കമ്പനി ഷെയറിനോ അവിടുത്തെ സ്ഥാനങ്ങൾക്കോ വേണ്ടി നമ്മൾ പോരാടിയിട്ടില്ല. ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കോ ബീച്ചിലെ വീടിന്‍റെ താക്കോലുകൾക്കോ വേണ്ടി പോരാടിയില്ല. എല്ലാം അവസാനിക്കുമ്പോൾ ഓർക്കണം നമ്മൾ പോരാടിയത് ജീവവായുവിനായാണെന്ന്," വരുൺ ധവാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒപ്പം നമ്മളെല്ലാവരും കൊവിഡിനെതിരെ ഒരുമിച്ച് പൊരുതുമെന്നും പോസ്റ്റിനൊപ്പം നടൻ കൂട്ടിച്ചേർത്തു.