ന്യൂഡൽഹി: വരുൺ ധവാനും നീതു കപൂറിനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിർമാണം മുടങ്ങിയ ബോളിവുഡ് സിനിമ 'ജഗ് ജഗ് ജീയോ'യുടെ ചിത്രീകരണം പുനരാരംഭിച്ചു. കൊവിഡ് മുക്തനായതോടെ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി തിരിച്ചെത്തിയ വിവരം വരുൺ ധവാൻ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.
കൊവിഡ് മുക്തനായി; 'ജഗ് ജഗ് ജീയോ'യിലേക്ക് വരുൺ ധവാൻ തിരിച്ചെത്തി - വരുൺ ധവാൻ തിരിച്ചെത്തി വാർത്ത പുതിയത്
കൊവിഡ് മുക്തനായ ശേഷം ജഗ് ജഗ് ജീയോ സെറ്റിലേക്ക് തിരിച്ചെത്തിയ സന്തോഷം വരുൺ ധവാൻ പങ്കുവെച്ചു
തന്‍റെ സഹതാരം ആരോഗ്യവാനായി ജഗ് ജഗ് ജീയോ സെറ്റിലേക്ക് തിരിച്ചെത്തിയ സന്തോഷം കിയാര അദ്വാനിയും പങ്കുവെച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചെടുത്ത സെൽഫി ചിത്രം പങ്കുവെച്ചുകൊണ്ടാണ് ചിത്രീകരണത്തിന്‍റെ പുതിയ വിശേഷം അറിയിച്ചത്. ഒരിടവേളക്ക് ശേഷം നീതു കപൂർ അഭിനയരംഗത്തേക്ക് മടങ്ങി വരുന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നത് രാജ് മെഹ്തയാണ്.
വരുണിനും നീതുവിനും സംവിധായകനും കൊവിഡ് പോസിറ്റീവായിരുന്നു. എന്നാൽ, ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങളായ അനിൽ കപൂറിനും കിയാര അദ്വാനിക്കും കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ധർമ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞ മാസമായിരുന്നു ആരംഭിച്ചത്. അടുത്ത വർഷം ചിത്രം റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.