നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. താരത്തിന്‍റെ ഭര്‍ത്താവ് നിഖില്‍ ജെയ്‌ന്‍ തങ്ങള്‍ ആറ് മാസമായി പിരിഞ്ഞ് താമസിക്കുകയാണെന്ന് വെളിപ്പെടുത്തിയതോടെയാണ് നടി മൂന്ന് മാസം ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചത്.
ഇപ്പോള്‍ ആ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന നുസ്രത്ത് ജഹാന്‍റെ പുതിയ ഫോട്ടോ പുറത്തുവന്നിരിക്കുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന നുസ്രത്ത് ഫോട്ടോയില്‍ ഗര്‍ഭിണിയാണ്. താരത്തിന്‍റേ ബേബി ബംബ് ഫോട്ടോയില്‍ വ്യക്തമാണ്.
നുസ്രത്ത്-നിഖില്‍ വിവാഹവും വിവാദവും
തുര്‍ക്കിയിലെ ബോഡ്രമില്‍ വെച്ചാണ് നുസ്രത്തും നിഖിലും 2019 ജൂണില്‍ വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹശേഷം മടങ്ങിയെത്തിയ താരങ്ങള്‍ ജൂലൈയില്‍ കൊൽക്കത്തയിൽ സിനിമ രാഷ്ട്രീയ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി വിവാഹ സത്കാരവും ഒരുക്കിയിരുന്നു. നിരവധി ബംഗാളി സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു.
Also read:നിഖില്‍ ജെയ്‌നുമായുള്ള വിവാഹം ഇന്ത്യന്‍ നിയമപ്രകാരം അസാധുവെന്ന് നുസ്രത്ത് ജഹാന്‍
എന്നാല്‍ 2020 അവസാനത്തോടെ ഇരുവരും പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. കൂടാതെ നിഖിലിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും നുസ്രത്ത് ആരോപിച്ചു. തുര്‍ക്കി നിയമപ്രകാരമാണ് തങ്ങളുടെ വിവാഹം നടന്നതെന്നും ഇന്ത്യയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്‌തിട്ടില്ലാത്തതിനാല്‍ ആ ബന്ധത്തിന് ഇവിടെ നിയമ സാധുതയില്ലെന്നുമാണ് അടുത്തിടെ നുസ്രത്ത് പറഞ്ഞത്.
കൂടാതെ 2021ലെ ബംഗാള്‍ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന നടന്‍ യഷ് ദാസ് ഗുപ്തയുമായി നുസ്രത്ത് ഡേറ്റിങിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.